ഇടുക്കി: വിവാഹം കഴിഞ്ഞ് അടുത്ത ദിവസം തന്നെ വധുവിനെ പെൺവീട്ടുകാർ തട്ടിക്കൊണ്ടുപോയതായി പരാതി. കൊല്ലം പത്തനാപുരം പനംപറ്റ സ്വദേശി ചിഞ്ചുഭവനിൽ രഞ്ജിത്തിന്റെ ഭാര്യ ഖിബയെയാണ് ഒരുകൂട്ടം ആളുകൾ എത്തി തട്ടികൊണ്ട് പോയത്. ഇടുക്കിയിലെ രഞ്ജിത്തിന്റെ സഹോദരിയുടെ വീട്ടിൽ നിന്ന് ഖിബയുടെ വീട്ടുകാരാണ് തട്ടിക്കൊണ്ട് പോയത്. വീടിന്റെ വാതിൽ തല്ലിതകർത്ത് വീട്ടുകാരെ മർദ്ദിച്ച ശേഷമാണ് ഖിബയെ തട്ടിക്കൊണ്ട് പോയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ നാല് വർഷമായി പ്രണയത്തിലായിരുന്ന രഞ്ജിത്തും ഖിബയും തമ്മിലുള്ള വിവാഹം ഈ മാസം 15 നാണ് കഴിഞ്ഞത്. ഖിബയുടെ വീട്ടുകാർ അറിയാതെയാണ് ക്ഷേത്രത്തിൽ വച്ച് വിവാഹിതരായത്. കല്യാണത്തിന് ശേഷം ഖിബയുടെ വീട്ടിലേക്ക് രഞ്ജിത്ത് വിളിച്ചറിയിച്ചിരുന്നു.
ഇന്നലെ പുലർച്ചെ മൂന്നു മണിക്ക് നാലു വാഹനങ്ങളിലായി എത്തിയ ഇരുപതോളം ആളുകൾ രഞ്ജിത്തിൻറെ സഹോദരിയുടെ വീട്ടിൽ എത്തുകയും അവിടെ ഉള്ളവരെ മർദ്ദിച്ച് അവശരാക്കി പെൺകുട്ടിയെയും കൊണ്ട് കടന്നുകളയുകയായിരുന്നു.
Discussion about this post