ഉദയ്പൂർ: ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. ടേക്ക് ഓഫിനിടെ യാത്രക്കാരന്റെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് വിമാനം ഉദയ്പൂർ വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കിയത്.രാജസ്ഥാനിലെ ഉദയ്പൂരിൽ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ 470 നമ്പർ വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്.
വിമാനം പുറപ്പെട്ട് ഏകദേശം പത്തു മിനിറ്റിനുശേഷം ഒരു യാത്രക്കാരന്റെ മൊബൈൽ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതോടെ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെല്ലാം പരിഭ്രാന്തരായി. അതിനിടെ, വിമാനം അടിയന്തര ലാൻഡിംഗ് നടത്തുകയാണെന്ന് ഡാബോക്ക് വിമാനത്താവളത്തിൽ സന്ദേശം ലഭിച്ചു. എല്ലാ സജ്ജീകരണങ്ങൾക്കും ഇടയിൽ വിമാനം അവിടെ ഇറക്കി. വിമാനം ലാൻഡിംഗിന് ശേഷം സാങ്കേതിക പരിശോധന നടത്തി. പരിശോധന പൂർത്തിയാക്കിയ ശേഷം വിമാനം ഡൽഹിയിലേക്ക് തിരിച്ചു .140 യാത്രക്കാരും സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്.
ബാറ്ററിയിലെ അസാധാരണമായ ഓവർ ഹീറ്റിംഗ് പ്രശ്നമാണ് ഫോണിന് തീപിടിക്കാൻ കാരണമെന്നാണ് വിവരം.
Discussion about this post