മുംബൈ: വെല്‍വെറ്റ് സ്പൈഡര്‍ എന്നയിനത്തിലെ എട്ടുകാലിയെ മഹാരാഷ്ട്രയില്‍ മേല്‍ഘട്ട് വന്യജീവി സങ്കേതത്തില്‍ കണ്ടെത്തി. വംശനാശം സംഭവിച്ചു എന്നു കരുതപ്പെട്ടിരുന്ന ഇനമാണ് വെല്‍വെറ്റ് സ്പൈഡര്‍. കറുപ്പും ചുവപ്പിലും അല്ലെങ്കില്‍ കറുപ്പു നിറത്തില്‍ മാത്രമായി കമ്പിളിനൂലുകള്പോലെ ശരീരമാകെ ചെറിയ രോമങ്ങളുള്ള എട്ടുകാലി ഇനത്തെയാണ് കണ്ടെത്തിയത്.
ഈജിപ്തില്‍നിന്ന് സന്ദര്‍ശകനായി എത്തിയ ഡോ. അല്‍ ഹെന്നവേ ആണ് മേല്‍ഘട്ട് വന്യജീവി സങ്കേതത്തിലെ മുത്താവ എന്ന കേന്ദ്രത്തിനടുത്ത് പുല്‍പ്രദേശത്ത് ഈ ഇനം എട്ടുകാലിയെ കണ്ടത്. എണ്‍പതുവര്‍ഷം മുമ്പാണ് ഇത്തരം എട്ടുകാലി ഇനത്തെ ഇതിനുമുമ്പ് കണ്ടതായി രേഖപ്പെടുത്തിയിട്ടുള്ളത്.ഇന്ത്യയില്‍ 1935ലാണ് ഇതിനെ ഇതിനുമുമ്പ് രേഖപ്പെടുത്തിയിട്ടുള്ളത്. ജോര്‍ദാനിലും ഇറാനിലും ഇവയെ ധാരാളമായി കാണാറുണ്ട്.
ചെറുപ്രാണികള്‍, കൊതുകുകള്‍, ഈച്ചകള്‍ എന്നിവയെ ഭക്ഷിക്കുന്ന ഈ എട്ടുകാലി ഇനത്തിന് മലേറിയ പരത്തുന്ന കൊതുകുകളാണ് ഇഷ്ടഭക്ഷണം. എട്ടു കണ്ണുകളുള്ള ഈ എട്ടുകാലി ഇനത്തെ ഏറ്റവും പഴക്കംചെന്ന എട്ടുകാലി ഇനമായിട്ടാണ് വിശേഷിപ്പിക്കുന്നത്. രോമബഹുല ശരീരം ഈ ജീവിവംശത്തിന്റെ പഴക്കം സൂചിപ്പിക്കുന്നതാണ്.
അമരാവതിയില്‍ നവംബറില്‍ എട്ടുകാലി പഠനത്തില്‍ ഏര്‍പ്പെട്ട ശാസ്ത്രജ്ഞരുടെ ഏഷ്യന്‍ മേഖല സമ്മേളനം നടന്നു. ഈ സമ്മേളനത്തിലാണ് ഈജിപ്തില്‍നിന്നുള്ള ശാസ്ത്രജ്ഞന്റെ കണ്ടെത്തല്‍ രേഖപ്പെടുത്തിയത്.
Discussion about this post