നമ്മുടെ രാജ്യം ആര് ഭരിക്കും?. ഈ ചോദ്യത്തിന് ഉത്തരം കിട്ടാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ജൂൺ നാലിനാണ് നമ്മുടെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരിക. പ്രധാനമന്ത്രി നരേന്ദ്ര മോദിയേകിയ വികസനത്തിന്റെ കരുത്തിൽ തുടർഭരണം ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. സഖ്യബലത്തിൽ എൻഡിഎയിൽ നിന്നും ഭരണം പിടിച്ചെടുക്കാമെന്ന ഇൻഡിയും പ്രതീക്ഷിക്കുന്നു. എന്നാൽ ഈ പ്രതീക്ഷയ്ക്ക് മങ്ങൽ ഏൽപ്പിച്ചുകൊണ്ടാണ് ഓഹരി വിപണിയിലെ പ്രമുഖർ നടത്തിയ സർവ്വേയിലെ ഫലം പുറത്തുവന്നത്. ബിജെപിയ്ക്ക് തുടർഭരണം ഉറപ്പ് നൽകുന്ന സർവ്വേ ഫലം വലിയ വിജയ പ്രതീക്ഷ വേണ്ടെന്ന് ഇൻഡി സഖ്യത്തിന് മുന്നറിയിപ്പും നൽകുന്നു.
ഇക്കുറി ബിജെപിയ്ക്ക് 17 സീറ്റുകൾ അധികമായി ലഭിക്കുമെന്നാണ് ഫിനാൻസ് സർവ്വീസ് കമ്പനിയായ ഐഐഎഫ്എല്ലിന്റെ പ്രവചനം. കഴിഞ്ഞ തവണ ബിജെപി ഒറ്റയ്ക്ക് 303 സീറ്റുകൾ ആയിരുന്നു നേടിയത്. എന്നാൽ ഇക്കുറി ഇത് 320 സീറ്റായി ഉയരുമെന്ന് ഐഐഎഫ്എല്ലിന്റെ പ്രവചനം. ഉത്തർപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാൾ, തെലങ്കാന, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ സീറ്റുകളുടെ എണ്ണം ബിജെപി വർദ്ധിപ്പിക്കുമെന്നും സർവ്വേയിൽ വ്യക്തമാക്കുന്നു.
ഉത്തർപ്രദേശിൽ കഴിഞ്ഞ തവണത്തേതിനേക്കാൾ 10 സീറ്റുകൾ ബിജെപി അധികം നേടുമെന്നാണ് ഐഐഎഫ്എല്ലിന്റെ പ്രവചനം. ഒഡീഷ, പശ്ചിമ ബംഗാൾ, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ മൂന്ന് സീറ്റുകൾ വീതം ബിജെപി അധികം നേടും. കഴിഞ്ഞ തവണ ഉത്തർപ്രദേശിൽ 62 ആയിരുന്നു ബിജെപിയുടെ സീറ്റ് നില. എന്നാൽ ഇത് 72 ആകും. പശ്ചിമ ബംഗാളിലും ഒഡീഷയിലും അഞ്ച് വീതം സീറ്റുകൾ അധികമായി ലഭിക്കും. തമിഴ്‌നാട്ടിൽ ഇക്കുറി ബിജെപി അക്കൗണ്ട് തുറക്കുമെന്നും പ്രവചനമുണ്ട്.
തമിഴ്‌നാട്ടിൽ ബിജെപി നേട്ടമുണ്ടാക്കുമെന്നാണ് ഫിനാൻഷ്യൽ സർവ്വീസ് കമ്പനിയായ ജെഎം ഫിനാൻഷ്യലും വ്യക്തമാക്കുന്നത്. ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് അധികമായി ഏഴ് സീറ്റുകൾ ലഭിക്കുമെന്നും പ്രവചിക്കുന്നുണ്ട്. ജെഎം ഫിനാൻഷ്യലിന്റെ കണക്കുകൾ പ്രകാരം ബിജെപി 310 സീറ്റുകൾ ഒറ്റയ്ക്ക് നേടുമെന്നാണ്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായ പരാജയം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കാൻ ബിജെപിയെ പ്രേരിപ്പിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ വോട്ട് വർദ്ധിക്കുമെന്നും ജെ എം ഫിനാൻഷ്യൽ വ്യക്തമാക്കുന്നു.
ബിജെപിയ്ക്ക് 330 മുതൽ 350 സീറ്റുകൾ ലഭിക്കുമെന്നാണ് അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ അലയൻസ് ബേൺസ്റ്റീൻ പറയുന്നത്. 330 മുതൽ 340 വരെ സീറ്റുകൾ ബിജെപിയ്ക്ക് ലഭിക്കുമെന്ന് ഫിലിപ്‌സ് ക്യാപിറ്റലും പറയുന്നു. തിരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ബിജെപിയുടെ ആത്മവിശ്വാസം ഇരട്ടിയാക്കുന്നത് ആണ് ഓഹരി വിപണിയിലെ പ്രമുഖർ നടത്തിയ സർവ്വേ. ബിജെപി ഒറ്റയ്ക്ക് തന്നെ ഇത്രയും സീറ്റ് നേടുമ്പോൾ എൻഡിഎയുടെ സീറ്റുകളുടെ എണ്ണം കഴിഞ്ഞ തവണത്തേക്കാൾ വീണ്ടും ഉയരും .എന്നാൽ, ഇൻഡി സഖ്യത്തിന് വിഷമം ഉണ്ടാക്കുന്നതാണ് പുറത്ത് വന്നിരിക്കുന്ന സർവ്വേ റിപ്പോർട്ട്. ഓഹരി മേഖലയിലെ പ്രമുഖരുടെ രാഷ്ട്രീയ പ്രവചനം സത്യമാകുമോ എന്ന് കാത്തിരുന്നു കാണാം.
Discussion about this post