ന്യൂഡൽഹി: പബ്ജി ഓൺലൈൻ ഗെയിം വഴി ഇന്ത്യൻ പൗരനായ സച്ചിൻ മീണയുമായി പ്രണയത്തിലായി ഇന്ത്യയിലെത്തിയ പാക് സ്വദേശിനി സീമ ഹൈദറിനെതിരായ സംശയങ്ങൾ അവസാനിക്കുന്നില്ല. സീമയ്ക്ക് പാകിസ്താൻ സൈന്യവുമായി ബന്ധമുണ്ടെന്ന ആരോപണം ഇത് വരെ ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സേന തള്ളിയിട്ടില്ല. പാകിസ്താന്റെ രഹസ്യാന്വേഷണ ഏജൻസിയുമായും സീമ ബന്ധം സ്ഥാപിച്ചിരുന്നതായാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
സീമ, സച്ചിനുമായി ബന്ധം സ്ഥാപിച്ച് ഇന്ത്യയിലെത്തും മുൻപ്, പബ്ജി വഴി പല ഇന്ത്യക്കാരുമായും ബന്ധപ്പെട്ടിരുന്നു. ഡൽഹിയിൽ നിന്നുള്ള ആളുകളുമായിട്ടാണ് സീമ ഹൈദർ പബ്ജിയിലൂടെ ബന്ധം സ്ഥാപിച്ചത്. അധികം വിദ്യാഭ്യാസമില്ലെന്ന് അവകാശപ്പെടുന്ന സീമയുടെ ഇംഗ്ലീഷിലുള്ള പ്രാവീണ്യവും സംശയങ്ങൾ വർദ്ധിപ്പിക്കുന്നു. ഇംഗ്ലീഷിലുള്ള ഏതാനും വരികൾ വായിക്കാൻ തീവ്രവാദ വിരുദ്ധ സേന, സീമ ഹൈദറിനോട് ആവശ്യപ്പെട്ടിരുന്നു. അവൾ നന്നായി വായിക്കുക മാത്രമല്ല, അവ വായിക്കുന്ന രീതിയും കുറ്റമറ്റതായിരുന്നുവെന്നാണ് അധികൃതർ നൽകുന്ന വിവരം.
അതിനിടെ, അവളുടെ പാകിസ്താൻ തിരിച്ചറിയൽ കാർഡിന്റെ ആധികാരികതയെ കുറിച്ചും ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. ജനനസമയത്ത് സാധാരണയായി ലഭിക്കുന്ന ഐഡി കാർഡ് 2022 സെപ്റ്റംബർ 20-നാണ് ഇഷ്യൂ ചെയ്തത്. ഇതും ഉത്തർപ്രദേശ് എടിഎസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് സീമയെയും സച്ചിനെയും രഹസ്യ കേന്ദ്രത്തിലെത്തിച്ച് തീവ്രവാദ വിരുദ്ധ സേന ചോദ്യം ചെയ്തത്. സീമ ഹൈദറിൻറെ സഹോദരൻ പാക് സൈന്യത്തിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനാണെന്ന് പറയുന്നു. എന്നാൽ ഏത് റാങ്കിലാണ് ഇയാൾ ജോലി ചെയ്യുന്നത്, എന്താണ് പദവി എന്നീ കാര്യങ്ങൾ സീമ ഹൈദർ വെളിപ്പെടുത്തിയിട്ടില്ല.
2019 ലാണ് പബ്ജി ഗെയിമിനിടെയുള്ള പ്രണയ കഥ ആരംഭിച്ചത്. കാമുകനൊപ്പം ജീവിക്കാനായി നേപ്പാൾ വഴി അനധികൃതമായി ഇന്ത്യയിലെത്തിയ സീമ സച്ചിനൊപ്പം ജീവിതം ആരംഭിച്ചിരുന്നു. ഗ്രേറ്റർ നോയിഡയിലെ റാബുപുരയിലെ വാടക വീട്ടിൽ നിന്ന് ജൂലൈ നാലിനാണ് സീമ ഹൈദറിനെ അറസ്റ്റ് ചെയ്യുന്നത്. ആവശ്യമായ രേഖകൾ കൂടാതെ രാജ്യത്തേക്ക് കടന്നു കയറിയതിന് സീമയേയും സഹായിച്ചതിന് സച്ചിനെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വെള്ളിയാഴ്ചയാണ് ഇവർ ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത്. സീമയ്ക്കൊപ്പം ഇന്ത്യയിലെത്തിയ നാല് മക്കൾക്കും പാകിസ്താനിലേക്ക് പോകണമെന്ന ആഗ്രഹമില്ലെന്നാണ് പ്രതികരണം.








