അഹമ്മദാബാദ്: മതിയായ ഫണ്ട് ഇല്ലാത്തതിനാൽ ഓസ്ട്രേലിയ കൈവിട്ട 2026ലെ കോമൺവെൽത്ത് ഗെയിംസ് ഏറ്റെടുത്ത് നടത്താൻ സന്നദ്ധത അറിയിച്ച് ഇന്ത്യ. ഓസ്ട്രേലിയൻ സംസ്ഥാനമായ വിക്ടോറിയ പിന്മാറിയതിനെ തുടർന്ന് ഗെയിംസ് നടത്താൻ സന്നദ്ധത അറിയിച്ച് മുന്നോട്ട് വന്നിരിക്കുന്നത് ഗുജറാത്താണ് എന്നാണ് റിപ്പോർട്ട്. ഇതോടെ, 16 വർഷങ്ങൾക്ക് ശേഷം കോമൺവെൽത്ത് ഗെയിംസ് ഇന്ത്യയിലേക്ക് എത്താനുള്ള സാദ്ധ്യതകൾ തെളിഞ്ഞു.
2028 ഓടെ സ്റ്റേഡിയങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി 2030ലെ ഗെയിംസ് നടത്തിപ്പിനായി അവകാശവാദം ഉന്നയിക്കാനായിരുന്നു ഇന്ത്യയുടെ പദ്ധതി. എന്നാൽ വിക്ടോറിയ പിന്മാറിയതോടെ, 2026ലെ ഗെയിംസ് നടത്തിപ്പ് അനിശ്ചിതത്വത്തിലായി. ഈ സാഹചര്യത്തിലാണ് ഗുജറാത്ത് സന്നദ്ധത അറിയിച്ച് കേന്ദ്ര സർക്കാരിനെ സമീപിക്കാൻ ഒരുങ്ങുന്നത്.
അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിയും എന്ന കാര്യത്തിൽ ആത്മവിശ്വാസമുണ്ടെന്ന് ഗുജറാത്ത് വ്യക്തമാക്കി. 2036ലെ ഒളിമ്പിക്സ് വേദിയാകാനുള്ള ഒരുക്കങ്ങൾക്ക് ആക്കം കൂട്ടാൻ 2026ലെ കോമൺവെൽത്ത് ഗെയിംസ് നടത്തിപ്പിലൂടെ സാധിക്കുമെന്നാണ് ഗുജറാത്തിന്റെ കണക്ക് കൂട്ടൽ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലാണ് ഒളിമ്പിക്സ് വേദിയാകാനുള്ള ശ്രമങ്ങളുമായി ഇന്ത്യ മുന്നോട്ട് പോകുന്നത്.
മതിയായ ഫണ്ടിന്റെ അപര്യാപ്തത മൂലം 2026ലെ കോമൺവെൽത്ത് ഗെയിംസ് നടത്തിപ്പിൽ നിന്നും പിന്മാറുന്നതായി കഴിഞ്ഞ ദിവസമാണ് ഓസ്ട്രേലിയൻ സംസ്ഥാനമായ വിക്ടോറിയ ഔദ്യോഗികമായി തീരുമാനമെടുത്തത്. കോമൺവെൽത്ത് ഗെയിംസ് നടത്തിപ്പിന് ആകെ ചിലവാകുന്ന തുക 6 ബില്ല്യൺ ഓസ്ട്രേലിയൻ ഡോളറാണ്. ഇത് വഹിക്കാൻ തങ്ങൾക്ക് സാധിക്കാത്തത് കൊണ്ടാണ് പിന്മാറ്റമെന്ന് വിക്ടോറിയൻ ഭരണകൂടം അറിയിക്കുകയായിരുന്നു.
മുൻ നിശ്ചയിച്ച തുകയിൽ നിന്നും പുതിയ എസ്റ്റിമേറ്റ് തുക ഉയർത്തിയതാണ് പിന്മാറ്റത്തിന് കാരണമെന്നാണ് വിക്ടോറിയൻ ഭരണകൂടം അറിയിച്ചത്. ഈ തുക കണ്ടെത്തി ഗെയിംസ് സംഘടിപ്പിച്ചാൽ തങ്ങൾക്ക് അത് വലിയ സാമ്പത്തിക ബാദ്ധ്യത വരുത്തി വെക്കുമെന്ന് വിക്ടോറിയൻ പ്രീമിയർ ഡാനിയൽ ആൻഡ്രൂസ് വ്യക്തമാക്കുകയായിരുന്നു.
ഗീലോംഗ്, ബെൻഡിഗൊ, ബല്ലാററ്റ് എന്നീ വിക്ടോറിയൻ നഗരങ്ങളിൽ, 2.6 ബില്ല്യൺ ഓസ്ട്രേലിയൻ ഡോളർ ചിലവിൽ ഗെയിംസ് സംഘടിപ്പിക്കാനായിരുന്നു ആദ്യ തീരുമാനം.










