പ്രഖ്യാപിച്ച നാൾ മുതൽ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന പുതിയ ചിത്രമായ പ്രോജക്ട് കെ യിലെ തന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് നടൻ പ്രഭാസ്. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ഇതിഹാസ സയൻസ് ഫിക്ഷൻ ചിത്രമാണ് പ്രോജക്ട് കെ. ഒരു സൂപ്പർ ഹീറോ വേഷത്തിൽ ആയിരിക്കും പ്രഭാസ് ഈ ചിത്രത്തിൽ എത്തുന്നത് എന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ നൽകുന്ന സൂചന.
നാളെ യുഎസിലെ സാൻ ഡിയാഗോ കോമിക് കോൺ 2023 വേദിയിൽ പ്രൊജക്ട് കെ സിനിമയുടെ ആദ്യ പ്രമോ അവതരിപ്പിക്കുന്നതിന് മുന്നോടിയായിട്ടാണ് ഇപ്പോൾ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പുറത്തിറക്കുന്നത്. സാൻ ഡിയാഗോ കോമിക് കോൺ വേദിയിൽ എത്തുന്ന ആദ്യ ഇന്ത്യൻ സിനിമ കൂടിയാണ് പ്രോജക്ട് കെ. നാളെ ആദ്യ പ്രമോ വീഡിയോ പുറത്തിറക്കുന്നതിന്റെ ഭാഗമായി നടൻമാരായ പ്രഭാസും റാണ ദഗ്ഗുബതിയും സാൻ ഡിയാഗോയിൽ എത്തിയിട്ടുണ്ട്.
അമിതാഭ് ബച്ചൻ, കമൽഹാസൻ , ദീപിക പദുകോൺ എന്നിങ്ങനെ വലിയൊരു താരനിര തന്നെ അണിനിരക്കുന്ന സിനിമയാണ് പ്രോജെക്ട് കെ . ചിത്രത്തിലെ ദീപിക പദുകോണിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തിങ്കളാഴ്ച പുറത്ത് വിട്ടിരുന്നു. വൈജയന്തി മൂവീസിന് കീഴിൽ സി. അശ്വനി ദത്താണ് പ്രോജക്ട് കെ നിർമ്മിക്കുന്നത്. 600 കോടി ബജറ്റിലാണ് ഈ ചിത്രം തയ്യാറാക്കപ്പെട്ടിട്ടുള്ളത്.
Discussion about this post