കോഴിക്കോട്: അനുവാദമില്ലാതെ ഡി.വൈ.എഫ്.ഐ സമ്മേളനത്തിന്റെ പോസ്റ്ററില്‍ തന്റെ ഫോട്ടോ ഉപയോഗിച്ചതിനെതിരെ അധ്യാപിക ദീപാ നിശാന്ത്. തന്റെ അറിവില്ലാതെ ഫോട്ടോ ഉപയോഗിച്ചത് ശുദ്ധ തെമ്മാടിത്തമാണെന്ന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ അവര്‍ പറഞ്ഞു.
ഈ പോസ്റ്റര്‍ ആരുടെ ഭാവനാസൃഷ്ടിയാണെന്നറിയില്ല. എന്തായാലും നന്നായിട്ടുണ്ട്. ഡി. വൈ. എഫ്.ഐ. എന്നു പറയുന്നത് ഒരശ്ലീല പദമാണ് എന്നൊന്നും ഞാന്‍ കരുതുന്നില്ല. ഇടതു പക്ഷ അനുഭാവമുണ്ടാകുക എന്നത് കുറ്റകരമായ സംഗതിയായും കരുതുന്നില്ല. പക്ഷേ ഞാനറിയാത്ത ഒരു പരിപാടിക്ക് എന്റെ ഫോട്ടോ സഹിതം പ്രചാരണം നടത്തുന്നത് ശുദ്ധ തെമ്മാടിത്തമാണ്. അതാരു ചെയ്തതായാലും ശരി തെറ്റു തന്നെയാണ്. ദീപാനിശാന്ത് എന്ന വ്യക്തി അതിനു മാത്രം സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തനമൊന്നും നടത്തിയിട്ടുമില്ല- അവര്‍ പറയുന്നു.
സാമൂഹ്യ സാംസ്കാരിക രംഗത്ത് നിലവില്‍ ഇടപെടുന്നുണ്ടോ ഭാവിയില്‍ ഇടപെടണോ വേണ്ടയോ എന്നതൊക്കെ എന്റെ വ്യക്തിപരമായ സ്വാതന്ത്യ്രമാണ്. അതിലൊരാളും കൈകടത്തേണ്ടതില്ല.നിലവില്‍ അധ്യാപിക എന്ന ജോലിയില്‍ പൂര്‍ണ്ണസംതൃപ്തയാണ്. പ്രവര്‍ത്തനമേഖല വിപുലമാക്കുമ്പോള്‍ ഞാന്‍ തന്നെ അറിയിച്ചോളാം.
ഒരു വ്യക്തിയുടെ സ്വകാര്യതയെ അല്‍പ്പമെങ്കിലും മാനിക്കുക. എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും… പിന്നെ ഇതിന്റെ അനുബന്ധ പോസ്റ്റുകള്‍ ധാരാളം കണ്ടു. ആശയത്തെ ആശയം കൊണ്ട് നേരിടാന്‍ ശ്രമിക്കണമെന്ന് എതിര്‍ക്കുന്നവരോട് പറയുന്നില്ല. പറഞ്ഞിട്ടും പ്രയോജനമില്ലെന്ന് എനിക്കേറെക്കുറെ ബോധ്യപ്പെട്ടിട്ടുണ്ട്. അതു കൊണ്ട് വ്യക്തിഹത്യ നടത്തിക്കൊണ്ടേയിരിക്കുക. ആശംസകള്‍ അറിയിച്ച് കൊണ്ടാണ് അവര്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
Discussion about this post