ഗുവാഹത്തി: അസമിൽ അനധികൃതമായി പശുക്കളെ കടത്താൻ ശ്രമിച്ച സംഘം പോലീസ് പിടിയിൽ. അസം-മേഘാലയ അതിർത്തിയിൽ വച്ചാണ് രണ്ടംഗ സംഘത്തെ പോലീസ് പിടികൂടിയത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ജോരാബട്ട് പ്രദേശത്ത് നിന്നുമാണ് ഇവർ പിടിയിലായതെന്ന് പോലീസ് അറിയിച്ചു.
പരിശോധയിൽ ഇവരിൽ നിന്നും 26.65 ലക്ഷം രൂപ പോലീസ് പിടിച്ചെടുത്തു. പ്രതികൾ പശുക്കളെ കടത്താൻ ശ്രമിച്ച വാഹനവും പോലീസ് കസ്്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രതികളുടെ പേരോ മറ്റ് വിശദാംശങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ മാസം പടിഞ്ഞാറൻ മേഘാലയ, കിഴക്കൻ ജയന്തിയ എന്നിവടങ്ങളിൽ നിന്നും ബംഗ്ലാദേശിലേക്ക് പശുക്കളെ കടത്താൻ ശ്രമം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സമാന രീതിയിൽ പശുക്കളെ അതിർത്തി കടത്താൻ ശ്രമം നടന്നിരിക്കുന്നത്. അന്ന് 36 പശുക്കളെ ആയിരുന്നു പോലീസ് രക്ഷിച്ചത്. ജോർബട്ട് ജില്ലയിൽ നിന്നും പോലീസിന്റെ നേതൃത്വത്തിൽ ഏഴ് പശുക്കളെയും കഴിഞ്ഞ മാസം രക്ഷിച്ചിരുന്നു. സംഭവത്തിൽ രണ്ട് പേരാണ് അന്ന് അറസ്റ്റിലായത്.
അതേസമയം കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ കന്നുകാലി കടത്തുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.










