മുംബൈ : ബിജെപിക്കെതിരെ ഒന്നിച്ച് പോരാടുമെന്ന പ്രഖ്യാപനത്തോടെ ആരംഭിച്ച പ്രതിപക്ഷ കൂട്ടായ്മയിലേക്ക് ക്ഷണിക്കാത്തതിൽ അമർഷം പ്രകടിപ്പിച്ച് എഐഎംഐഎം. അവർക്ക് തങ്ങൾ രാഷ്ട്രീയപരമായി തൊട്ടുകൂടാത്തവരാണ് എന്ന് പാർട്ടിയുടെ ദേശീയ വക്താവ് വാരിസ് പത്താൻ പറഞ്ഞു.
”അവർ ഞങ്ങളെ സഖ്യത്തിലേക്ക് ക്ഷണിച്ചില്ല. അവർക്ക് ഞങ്ങൾ രാഷ്ട്രീയപരമായി തൊട്ടുകൂടാത്തവരാണ്” വാരിസ് പത്താൻ പറഞ്ഞു. ” നിങ്ങൾക്ക് മുസ്ലീം സമുദായത്തിന്റെ വോട്ട് വേണം. പക്ഷേ അവരെ രാഷ്ട്രീയപരമായി പ്രതിനിധീകരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല, എന്നിട്ട് നിങ്ങൾ മതേതരത്വത്തെക്കുറിച്ച് സംസാരിക്കുന്നു” വാരിസ് കൂട്ടിച്ചേർത്തു.
ബിജെപിയോടൊപ്പം ചേർന്ന് പ്രവർത്തിച്ചിരുന്ന നിതീഷ് കുമാറും ഉദ്ധവ് താക്കറെയും ഇപ്പോൾ പ്രതിപക്ഷ സഖ്യത്തിലുണ്ട്. അവർ വളരെ പെട്ടെന്ന് മതേതര രാഷ്ട്രീയക്കാരായി മാറിയിരിക്കുകയാണ്.
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനിടെ കോൺഗ്രസിനെ അധിക്ഷേപിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയാണ് പാർട്ടി ബംഗളൂരു സമ്മേളനത്തിലേക്ക് ക്ഷണിച്ചത്. എന്നാൽ പ്രതിപക്ഷ പാർട്ടികൾ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയെ അവഗണിക്കുകയാണെന്ന് പത്താൻ ആരോപിച്ചു.
2024 ലെ തിരഞ്ഞെടുപ്പിൽ എൻഡിഎയെ നേരിടാൻ വേണ്ടിയെന്ന് പ്രഖ്യാപിച്ചാണ് 26 രാഷ്ട്രീയ പാർട്ടികൾ ചേർന്ന് ഐഎൻഡിഐഎ രൂപീകരിച്ചിരിക്കുന്നത്.
Discussion about this post