പറ്റ്‌ന: ബിഹാറിൽ പോപ്പുലർ ഫ്രണ്ട് ഭീകരനെ മദ്രസയിൽ നിന്നും പിടികൂടി ഭീകര വിരുദ്ധ സ്‌ക്വാഡ്. കിഴക്കൻ ചമ്പാരൻ ജില്ലയിലായിരുന്നു സംഭവം. നിരോധിത മത ഭീകര സംഘടനയുടെ സജീവ പ്രവർത്തകൻ ആയിരുന്ന സുൽത്താൻ ഖാൻ ആണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു ഇയാളെ മദ്രസയിൽ നിന്നും പിടികൂടിയത്. പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തിന് ശേഷവും ഇയാൾ ഭീകര പ്രവർത്തനങ്ങൾ നടത്തുന്നതായി വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്ക് എത്തിയതായിരുന്നു അന്വേഷണ സംഘം. പോലീസിന്റെയും ഭീകര വിരുദ്ധ സ്‌ക്വാഡിന്റെയും സംയുക്ത സംഘമായിരുന്നു പരിശോധന നടത്തിയത്.
ഇമദ്പട്ടി സ്വദേശിയാണ് സുൽത്താൻ. നേരത്തെ ഇയാൾ മറ്റ് ഭീകരർക്ക് ആയുധ പരിശീലനം നൽകുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഭീകര വിരുദ്ധ സ്‌ക്വാഡ് ഇയാൾക്കായി അന്വേഷണം ആരംഭിച്ചത്. ഇതിനിടെ ഇയാൾ ഒളിവിൽ പോയിരുന്നു. ഒളിവിൽ പോയ സമയത്തും ഇയാൾ ഭീകരർക്ക് പരിശീലനം നൽകിവന്നിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
മദ്രസയിലാണ് ഒളിച്ച് കഴിഞ്ഞിരുന്നത് എന്നതുകൊണ്ട് തന്നെ ഇയാളെ കണ്ടെത്തുക പ്രയാസകരമായിരുന്നു. ഇതിനിടെയാണ് ഒളിത്താവളം സംബന്ധിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്. ഇതോടെ ഇവിടെയെത്തുകയായിരുന്നു.
ഭീകര വിരുദ്ധ സ്‌ക്വാഡ് സുൽത്താൻ ഖാനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. എൻഐഎയും മൊഴിയെടുക്കും.








