ന്യൂഡൽഹി: അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയുടെ അയോഗ്യത ശരിവെച്ചു കൊണ്ടുള്ള ഗുജറാത്ത് ഹൈക്കോടതി വിധി അടിയന്തിരമായി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീം കോടതി. കേസിൽ ഗുജറാത്ത് സർക്കാരിനും പരാതിക്കാരൻ സുശീൽ കുമാർ മോദിക്കും മറ്റ് കക്ഷികൾക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. അപകീർത്തി കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്നുള്ള അയോഗ്യത നീക്കാൻ വിസമ്മതിച്ച ഹൈക്കോടതി ഉത്തരവിലാണ് സുപ്രീം കോടതി എതിർ ഭാഗത്തിന്റെ അഭിപ്രായം ആരാഞ്ഞിരിക്കുന്നത്.
നോട്ടീസിൽ മറുപടി നൽകാൻ പരാതിക്കാർക്ക് സമയം അനുവദിച്ച കോടതി, അടുത്ത വാദം കേൾക്കൽ ഓഗസ്റ്റ് നാലിനായിരിക്കുമെന്നും അറിയിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസുമാരായ പി എസ് നരസിംഹയും മനോജ് മിശ്രയും ഉൾപ്പെടുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.
പിന്നാക്ക സമുദായത്തെ അധിക്ഷേപിച്ച കേസിൽ മാർച്ച് മാസത്തിലായിരുന്നു സൂറത്ത് കോടതി രാഹുൽ ഗാന്ധിയെ രണ്ട് വർഷം തടവിന് ശിക്ഷിച്ചത്. കോടതി ഉത്തരവിനെ തുടർന്ന് രാഹുൽ ഗാന്ധിക്ക് എം പി സ്ഥാനം നഷ്ടമായിരിക്കുകയാണ്. കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജി ജൂലൈ 7ന് ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു.












