തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ സംസ്ഥാനത്ത് കാട്ടാനകളുടെ എണ്ണത്തിൽ 58.19 ശതമാനം കുറവുണ്ടായതായി വനംവകുപ്പ്.
2023 ലെ വനംവകുപ്പിന്റെ വന്യജീവി കണക്കെടുപ്പിന് ശേഷമാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.
2017 ലെ കണക്കനുസരിച്ച് 5,706 കാട്ടാനകളായിരുന്നു കേരളത്തിൽ ഉണ്ടായിരുന്നത്. 2023 ആയപ്പോഴേക്കും കാട്ടാനകളുടെ എണ്ണം 2,386 ആയി കുറഞ്ഞു. അതേസമയം, കടുവകളുടെ എണ്ണത്തിലും നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2018 ൽ 120 കടുവകളുണ്ടായിരുന്ന വയനാട് വന്യജീവി സങ്കേതത്തിൽ 2023 ആയപ്പോഴേക്കും 84 കടുവകൾ മാത്രമാണുള്ളത്.
വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ തിരുവനന്തപുരത്ത് വിളിച്ചുച്ചേർത്ത പത്ര സമ്മേളനത്തിലായിരുന്നു ഇത് സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടത്. കർണാടക വനത്തിലേക്ക് ആനകൾ കുടിയേറുന്നതിനാലാണ് കേരളത്തിൽ എണ്ണക്കുറവ് കാണിക്കുന്നതെന്ന് ആയിരുന്നു മന്ത്രിയുടെ വിശദീകരണം.
2017 ലെ കണക്കെടുപ്പ് സമയത്ത് കർണാടകയിൽ നിന്നും കാട്ടാനകൾ കേരളത്തിലേക്ക് വന്നിരുന്നു. കർണാടക വനത്തിലെ വരണ്ട കാലാവസ്ഥയായിരുന്നു കാട്ടാനകളുടെ ഈ കാടുമാറ്റത്തിന് കാരണമായിരുന്നത്. ഇത്തവണ കർണാടകയിൽ കനത്ത മഴയും കേരളത്തിൽ ചൂട് കൂടുതലുളള കാലാവസ്ഥയുമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
കാട്ടാനകൾ കർണാടകയിലേക്ക് പോകുന്നതിന് കേരളത്തിലെ കാലാവസ്ഥ വ്യതിയാനവും കാരണമാണെന്നും മന്ത്രി അറിയിച്ചു.
വയനാട്, ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിലായി 297 ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ 160 സ്ഥലങ്ങളിൽ നിന്നുമായി 84 കടുവകളുടെ ചിത്രങ്ങൾ ലഭിച്ചു. ഇതിൽ നോർത്ത് വയനാട് ഡിവിഷനിൽ നിന്നും 8 എണ്ണം, സൗത്ത് വയനാട് ഡിവിഷനിൽ നിന്നും 7 എണ്ണം, വയനാട് വന്യജീവി സങ്കേതത്തിൽ നിന്ന് 69 എന്നിങ്ങനെയാണ് കണക്ക്. ഇതിൽ 29 ആൺ കടുവയും 47 പെൺ കടുവകളും ഉൾപ്പെടുന്നു. അതേസമയം മറ്റ് 8 കടുവകളുടെ ജെൻഡർ കണ്ടെത്താൻ സാധിച്ചില്ല.
Discussion about this post