ലക്‌നൗ: സഹോദരിയുടെ തല അറുത്ത് പോലീസുകാരെ ഏൽപ്പിച്ച് യുവാവ്. ഉത്തർപ്രദേശിലെ ബാരാബങ്കി ജില്ലയിലെ മിത് വാര ഗ്രാമത്തിലാണ് സംഭവം. അനുജത്തിയായ ആഷിഫയെ (18) സഹോദരൻ റിയാസാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ഇയാൾക്കെതിരെ ഐപിസി സെക്ഷൻ 302 പ്രകാരം കേസെടുത്തു.
മിത് വാര ഗ്രാമത്തിലെ ഹിന്ദു യുവാവായ ചാന്ദ് ബാബു എന്ന യുവാവുമായി കൊല്ലപ്പെട്ട ആഷിഫ സൗഹൃദം പുലർത്തിയിരുന്നു. പിന്നാലെ ഇരുവരും ഒളിച്ചോടി. ആ സമയം ആഷിഫയ്ക്ക് പ്രായപൂർത്തി ആകാത്തതിനാൽ ആഷിഫയെ കണ്ടെത്തിയ പോലീസ് മാതാപിതാക്കൾക്കൊപ്പം വിടുകയും ചാന്ദ് ബാബുവിനെ ജയിലിലേക്കും അയച്ചു. ഈ സംഭവത്തിൽ ഏറെ അസ്വസ്ഥനായിരുന്നു റിയാസ്. ഇതരമതസ്ഥനോട് ബന്ധം പുലർത്തിയതിൽ സഹോദരിയോട് ഇയാൾക്ക് പകയും ഉണ്ടായിരുന്നു.
സഹോദരിക്ക് ഇപ്പോഴും ചാന്ദ് ബാബുവിനോട് ഇഷ്ടം ഉണ്ടെന്ന് റിയാസ് തിരിച്ചറിഞ്ഞതോടെ കൊല്ലാൻ ഉറച്ചു. ക്രൂരമായി മർദ്ദിച്ച ശേഷം തല അറുക്കുകയായിരുന്നു. എല്ലാവർക്കും പാഠമാകട്ടെ എന്ന് ആക്രോശിച്ച് കൊണ്ട് സഹോദരിയുടെ തല ഇയാൾ കൈയ്യിൽ തൂക്കി നടന്ന് നാട്ടുകാരെയും കാണിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചു. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഇയാൾ അറുത്ത തല പോലീസ് സ്‌റ്റേഷനിലെത്തിച്ച് കീഴടങ്ങുകയായിരുന്നു.
Discussion about this post