ന്യൂയോർക്ക്: അമേരിക്കൻ നാവിക സേനയെ നയിക്കാൻ പെൺകരുത്ത്. അഡ്മിറൽ ലിസ ഫ്രാഞ്ചെട്ടിയെ നാവിക സേനയുടെ മേധാവിയായി നാമനിർദ്ദേശം ചെയ്യുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. അമേരിക്കൻ നാവിക സേനയുടെ ചരിത്രത്തിൽ ആദ്യമായാണ് മേധാവിയായി ഒരു സ്ത്രീയ്ക്ക് നാമനിർദ്ദേശം ലഭിക്കുന്നത്. നിലവിൽ നാവിക സേനയുടെ ഉപമേധാവിയാണ് ലിസ.
കഴിഞ്ഞ 38 വർഷമായി നാവിക സേനയ്ക്കൊപ്പം ചേർന്ന് ലിസ രാജ്യത്തെ സേവിക്കുകയാണെന്ന് ജോ ബൈഡൻ പറഞ്ഞു. നിലവിൽ വൈസ് ചീഫ് ആയി പ്രവർത്തിച്ചുവരികയാണ്. യുഎസ് നാവിക സേനയുടെ ഫോർ സ്റ്റാർ അഡ്മിറൽ പദവി ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ് ലിസ. ഇതിന് പുറമേ നാവിക സേനയുടെ ആദ്യ വനിതാ മേധാവി എന്ന നിലയിൽ കൂടി ലിസ ചരിത്രമെഴുതാൻ പോകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അഡ്മിറൽ മൈക്ക് ഗിൽഡേയ് ആണ് നിലവിലെ നാവിക സേനാ മേധാവി. അടുത്ത മാസമാകും അദ്ദേഹം വിരമിക്കുക. ഇതേ തുടർന്നാണ് അദ്ദേഹത്തിന്റെ പിന്മാഗിമിയായി ലിസ എത്തുന്നത്. നാല് വർഷമാണ് നാവിക സേനാ മേധാവിയുടെ സേവന കാലാവധി. യൂറോപ്പിലും, ആഫ്രിക്കയിലും അമേരിക്കൻ നാവിക സേനയുടെ കമാൻഡറായി ലിസ സേവനം അനുഷ്ടിച്ചിട്ടുണ്ട്. 2022 സെപ്തംബറിലായിരുന്നു നാവിക സേന ഉപ മേധാവിയായി ചുമതലയേറ്റത്. അതേസമയം ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം സെനറ്റിന്റേതാകും.
Discussion about this post