ന്യൂഡൽഹി : 2001 ലെ സ്റ്റിംഗ് ഓപ്പറേഷനുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ
തെഹൽക മാഗസിനും തരുൺ തേജ്പാലിനും മറ്റ് രണ്ട് പേർക്കും രണ്ട് കോടി രൂപ പിഴ ചുമത്തി ഡൽഹി ഹൈക്കോടതി. ഈ തുക ഇന്ത്യൻ കരസേനയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥൻ മേജർ ജനറൽ എംഎസ് അലുവാലിയയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു. തരുൺ തേജ്പാൽ കൂടാതെ തെഹൽകയിലെ മാദ്ധ്യമപ്രവർത്തകരായ അനിരുദ്ധ് ബഹാൽ, മാത്യു സാമുവൽ എന്നിവർക്കെതിരെയാണ് നടപടി.
പ്രതിരോധ ഇടപാടുകളുടെ ഭാഗമായി എംഎസ് അലുവാലിയ കൈക്കൂലി വാങ്ങിയെന്ന് മാഗസിൻ വ്യാജ പ്രചാരണം നടത്തിയിരുന്നു. ഇതേ തുടർന്നാണ് 2002-ൽ മേജർ ജനറൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. സീ ടിവിക്കും, ചെയർമാൻ സുഭാഷ് ചന്ദ്ര, സിഇഒ സന്ദീപ് ഗോയൽ എന്നിവർക്കുമെതിരെ അദ്ദേഹം പരാതി നൽകിയിരുന്നു.
2001 ൽ ഓപ്പറേഷൻ വെസ്റ്റ് എൻഡ് എന്ന പേരിൽ ടെഹൽകയാണ് ഈ സ്റ്റിംഗ ് ഓപ്പറേഷൻ നടത്തിയത്. പ്രതിരോധ ഇടപാടുകൾ മറയാക്കി അലുവാലിയ കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം. ഇത് ടെഹൽക ഡോക് കോമിലൂടെയും സീ ടിവി നെറ്റ് വർക്കിലൂടെയും സംപ്രേക്ഷണം ചെയ്തിരുന്നു.
അക്കാലത്ത് ഇന്ത്യൻ ആർമിയിൽ ഓർഡനൻസ് ഡയറക്ടർ ജനറൽ ആയിരുന്നു എം എസ് അലുവാലിയ. സ്റ്റിംഗ് ഓപ്പറേഷൻ പ്രസിദ്ധീകരിച്ചതോടെ അഴിമതി നിരോധന നിയമപ്രകാരം അദ്ദേഹത്തിനെതിരെ കേസെടുത്തു. അദ്ദേഹത്തെ സർവീസിൽ നിന്ന് പിരിച്ചുവിടാനുള്ള ശുപാർശയുമായി ഇന്ത്യൻ സൈന്യം അദ്ദേഹത്തെ കോർട്ട് മാർഷൽ ചെയ്യുകയും ചെയ്തു. പിന്നീട് ഈ തീരുമാനത്തിൽ നിന്ന് പിന്മാറുകയായിരുന്നു.
അലുവാലിയ 50,000 രൂപയും ബ്ലൂ ലേബൽ മദ്യവും കൈക്കൂലിയായി ആവശ്യപ്പെട്ടുവെന്നായിരുന്നു ആരോപണം. എന്നാൽ അലുവാലിയ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചു. ഇറക്കുമതി ചെയ്ത ആയുധങ്ങൾ തിരഞ്ഞെടുക്കുന്നതോ വാങ്ങുന്നതോ ആയി ബന്ധപ്പെട്ട പോസ്റ്റുകളിൽ താൻ ഇടപെട്ടിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു. വെപ്പൺസ് ആന്റ് എക്യുപ്‌മെന്റ്‌സ് അഡീഷണൽ ഡയറക്ടർ ജനറലിന്റെ കീഴിൽ വരുന്നതാണ് ഇവയെന്നും അദ്ദേഹം വ്യക്തമാക്കി.
സൈനിക ഉദ്യോഗസ്ഥൻ ഒരു ലക്ഷം രൂപ കൈക്കൂലിയായി ചോദിച്ചെന്നും പിന്നീട് അത് അൻപതിനായിരം രൂപയാക്കി കുറയ്ക്കുകയായിരുന്നു എന്നും ടെഹൽക ആരോപിച്ചിരുന്നു. എന്നാൽ അലുവാലിയ പണമോ മദ്യമോ ആവശ്യപ്പെട്ടിട്ടില്ലെന്ന് മാദ്ധ്യമപ്രവർത്തകനായ മാത്യു സാമുവൽ കോടതിയിൽ മൊഴി നൽകി.
Discussion about this post