ചെന്നൈ: ചെന്നൈ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 18 രോഗികള്‍ മരിച്ച സംഭവത്തില്‍ ജയലളിത സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡി.എം.കെ. ആശുപത്രികള്‍ പോലുള്ള സ്ഥലങ്ങളിലെ വൈദ്യുതി വിതരണത്തില്‍ ഇങ്ങനെ അലംഭാവം കാണിയ്ക്കാന്‍ എങ്ങനെ സര്‍ക്കാരിന് കഴിയുന്നുവെന്ന് ഡി.എം.കെ അദ്ധ്യക്ഷന്‍ എം.കരുണാനിധി ചോദിച്ചു.
രോഗികള്‍ അസുഖം മൂലമാണെന്ന് മരിച്ചെന്ന വിധത്തില്‍ ഒരു ഗവണ്‍മെന്റ് സെക്രട്ടറി പറഞ്ഞതായി കരുണാനിധി ആരോപിച്ചു. മൂന്നും നാലും മണിക്കൂറൊക്കെ വൈദ്യുതി നിലച്ചാല്‍ കെട്ടിടത്തിന്റെ ആറും ഏഴും നിലകളിലുള്ള രോഗികള്‍ എന്ത് ചെയ്യും. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിയ്ക്കാന്‍ കഴിയാത്തത് സര്‍ക്കാരിന്റെ നിഷ്‌ക്രിയതയാണ് കാണിയ്ക്കുന്നതെന്നും കരുണാനിധി പറഞ്ഞു.
വൈദ്യുതി വിതരണം തടസപ്പെട്ടതാണ് നന്ദംപാക്കത്തെ എം.ഐ.ഒ.ടി ആശുപത്രിയില്‍ ഓക്‌സിജന്‍ സംവിധാനം തകരാറിലായി ദുരന്തത്തിന് കാരണമായത്. കേടായ ജനറേറ്ററിന് പകരം ജനറേറ്റര്‍ സംവിധാനമുണ്ടായിരുന്നില്ലെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി ജെ.രാധാകൃഷ്ണന്‍ പറഞ്ഞു. അധികൃതരുടെ അശ്രദ്ധയാണോ ദുരന്തത്തിന് കാരണമായതെന്ന് സംസ്ഥാന സര്‍ക്കാര്‍ അന്വേഷിച്ചു വരുകയാണ്.
അതേ സമയം പകര്‍ച്ച വ്യാധി പടരാതിരിയ്ക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. മലേറിയയും ഡെങ്കിയും അടക്കമുള്ള രോഗങ്ങള്‍ പടരാതിരിയ്ക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ സ്വീകരിയ്ക്കുന്നുണ്ട്, അഴുക്കുചാലുകളും ഓടകളും പലയിടങ്ങളിലും വെള്ളവുമായി കലരുന്നത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. 216 ക്യാമ്പുകള്‍ക്ക് പുറമെ 200 മെഡിക്കല്‍ ക്യാമ്പുകള്‍ കൂടി പുതുതായി തുറന്നതായി സര്‍ക്കാര്‍ വ്യക്തമാക്കി.
Discussion about this post