ലക്‌നൗ: സമൂഹമാദ്ധ്യമം വഴി വലയിലാക്കി ഹിന്ദു പെൺകുട്ടിയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. നിസാമുദ്ദീൻ സ്വദേശി ഖാലിദ് ആണ് അറസ്റ്റിലായത്. ഗാസിയാബാദ് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് ഖാലിദിനെതിരെ പോലീസ് നടപടി സ്വീകരിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു ഇയാൾ അറസ്റ്റിലായത്. യുവതി പരാതി നൽകിയതിന് പിന്നാലെ ഖാലിദ് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ വിജയ് നഗർ റെയിൽവേ സ്റ്റേഷനിൽ നിന്നായിരുന്നു പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഫേസ്ബുക്ക് വഴിയായിരുന്നു ഇയാൾ ഹിന്ദു പെൺകുട്ടിയെ പരിചയപ്പെട്ടത്. പിന്നീട് പ്രണയം നടിച്ച് വലയിലാക്കുകയായിരുന്നു. ഹിന്ദു പേരിലായിരുന്നു ഇയാൾ ഫേസ്ബുക്കിൽ അക്കൗണ്ട് ഉണ്ടാക്കിയത്. ഇത് ഇയാളുടെ യഥാർത്ഥ പേരാണെന്ന് പെൺകുട്ടിയും തെറ്റിദ്ധരിച്ചു.
പ്രണയ ബന്ധത്തിൽ ആയതിന് പിന്നാലെ ഇയാൾ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ പെൺകുട്ടി ഗർഭിണിയായി. ഇതറിഞ്ഞതോടെ ഇയാൾ നിർബന്ധിച്ച് പെൺകുട്ടിയെ ഗർഭഛിദ്രത്തിന് വിധേയയാക്കുകയായിരുന്നു.
ഇതിന് പിന്നാലെ യുവതിയെ ഇയാൾ നിസാമുദ്ദീനിലേക്ക് കൊണ്ട് പോയി മതം മാറ്റുകയായിരുന്നു. ഇതോടെയായിരുന്നു ഇയാൾ ഹിന്ദുവല്ലെന്ന് പെൺകുട്ടിയ്ക്ക് വ്യക്തമായത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376, 313, 321, 509 എന്നീ വകുപ്പുകൾ പ്രകാരമാണ് പോലീസ് ഖാലിദിനെതിരെ കേസ് എടുത്തത്.
Discussion about this post