കൊൽക്കത്ത: രാമനവമി ദിനത്തിൽ ഹിന്ദുക്കൾക്ക് നേരെ ബംഗാളിൽ ഉണ്ടായ അക്രമ സംഭവങ്ങളിലെ എൻഐഎ അന്വേഷണത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച മമത സർക്കാരിന് തിരിച്ചടി. ഹർജി സുപ്രീംകോടതി തള്ളി. സംഭവങ്ങളിൽ എൻഐഎ അന്വേഷണം നടത്താൻ കൊൽക്കത്ത ഹൈക്കോടതി ആയിരുന്നു ഉത്തരവിട്ടത്. ഇതിനെതിരെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സർക്കാരിന്റെ നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി സുപ്രീംകോടതി തള്ളിയത്. സംഭവത്തിൽ എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധി ഉചിതമാണെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. ജസ്റ്റിസുമാരായ ജെബി പ്രതിവാല, മനോജ് മിശ്ര എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങൾ.
ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു അക്രമ സംഭവങ്ങളിൽ എൻഐഎ അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടത്. ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ ആവശ്യം പരിഗണിച്ചുകൊണ്ടായിരുന്നു കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ടുള്ള എല്ലാ തെളിവുകളും എൻഐഎയ്ക്ക് കൈമാറാനും കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഇതിൽ എതിർപ്പ് പ്രകടിപ്പിച്ച സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകുകയായിരുന്നു.
അക്രമങ്ങൾക്കിടെ സ്‌ഫോടനം ഉണ്ടായിട്ടില്ലെന്നും, ഈ സാഹചര്യത്തിൽ എൻഐഎ അന്വേഷണം ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാർ ഹർജി നൽകിയത്. സുവേന്ദു അധികാരിയുടെ ഹർജി രാഷ്ട്രീയ പ്രേരിതം ആണെന്നും സർക്കാർ ആരോപിച്ചിരുന്നു.
Discussion about this post