ലണ്ടൻ: ഐഎസിനെ പിന്തുണയ്ക്കുന്ന ബ്രിട്ടനിലെ തീവ്രമുസ്ലീം പ്രഭാഷകനായ അൻജെം ചൗധരിക്കെതിരെ തീവ്രവാദക്കുറ്റം ചുമത്തി ബ്രിട്ടൻ. ബ്രിട്ടന്റെയും പാകിസ്താന്റെയും ഇരട്ട പൗരത്വമുള്ള ഇയാളെ തീവ്രവാദവുമായി ബന്ധപ്പെട്ട മൂന്ന് കുറ്റങ്ങൾ ചുമത്തി കോടതിയിൽ ഹാജരാക്കും.നിരോധിക്കപ്പെട്ട സംഘടനയുടെ അംഗത്വം, നിരോധിത സംഘടനയ്ക്ക് പിന്തുണ പ്രോത്സാഹിപ്പിക്കുന്നതിനായി യോഗങ്ങളിൽ പ്രസംഗിക്കൽ, ഒരു തീവ്രവാദ സംഘടനയെ നയിക്കൽ എന്നീ കുറ്റങ്ങൾക്ക് യുകെയിലെ തീവ്രവാദ നിയമം 2000-ന്റെ വിവിധ വകുപ്പുകൾ പ്രകാരമാണ് മെട്രോപൊളിറ്റൻ പോലീസ് തീവ്രവാദ കുറ്റം ചുമത്തിയത്.
ഇറാഖിലും സിറിയയിലും ഐഎസ് നടത്തിയ ആക്രമണ പരമ്പരകൾക്ക് പിന്തുണ പ്രഖ്യാപിച്ചതിനും ഐഎസിനെ പിന്തുണയ്ക്കുന്ന വീഡിയോകളും പ്രചരിപ്പിച്ചതിനും ചൗധരിയെ 2014 ൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2014 ജൂലൈയിൽ ബ്രിട്ടനിലെ റസ്റ്റോറന്റിൽ വച്ച് നടന്ന യോഗത്തിലാണ് ഐഎസ് തലവനായിരുന്ന അബൂബക്കർ അൽ ബാഗ്ദാദിക്കും പിന്തുണ പ്രഖ്യാപിച്ച് ചൗധരി സംസാരിച്ചത്. 2014 മാർച്ചിനും ജൂണിനും ഇടയിൽ നടത്തിയ വിവാദ പ്രസംഗങ്ങളെ തുടർന്ന് അൻജത്തിന്റെ പ്രസംഗങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുകയും ചെയ്തു. 5 വർഷം ജയിലായിരുന്ന ചൗധരി 2022 ലാണ് പുറത്തിറങ്ങിയത്. പരസ്യപ്രതികരണങ്ങൾ നടത്തുന്നതിനുള്ള വിലക്ക് അവസാനിച്ചതിന് പിന്നാലെ ഹിന്ദുക്കൾക്കെതിരെ അക്രമം അഴിച്ചുവിടാനും രാത്രി കാലങ്ങളിൽ പട്രോളിംഗ് നടത്താനും ഇയാൾ ഇസ്ലാമിസ്റ്റുകളോട് ആഹ്വാനം ചെയ്തിരുന്നു.ഖുറാനെ ഉദ്ധരിച്ചാണ് ചൗധരി ഹിന്ദുക്കളെ ആക്രമിക്കാൻ ഇസ്ലാമിസ്റ്റുകളോട് ആവശ്യപ്പെടുന്നത്. ഇതിന് പുറമെ ഹിന്ദുക്കളോട് ഇസ്ലാം മതം സ്വീകരിക്കാൻ ഇയാൾ ആവശ്യപ്പെട്ടു. വെബ്സൈറ്റിലൂടെയാണ് ചൗധരി ഈ കുറിപ്പ് പങ്കുവച്ചത്. ഹിന്ദുക്കളെ നിങ്ങൾ ഇസ്ലാം മതം സ്വീകരിക്കുക. അത് മാത്രമാണ് നിങ്ങൾക്ക് ജീവിക്കാനുള്ള ഏക മാർഗ്ഗമെന്നായിരുന്നു കുറിപ്പ്. കുടാതെ ഗീതയും വേദങ്ങളും ഉൾപ്പെടെയുള്ള വിശുദ്ധ ഗ്രന്ഥങ്ങൾക്ക് ഹിന്ദു മതവുമായി ബന്ധമുണ്ടെന്നതിന് നിയമാനുസൃതമായ തെളിവുകളില്ലെന്നും ആരോപണം ഉന്നയിച്ചു.
ബ്രിട്ടനിലെ മുസ്ലിം വർഗ്ഗീയ വാദത്തിലെ അറിയപ്പെടുന്ന തീപ്പൊരി പ്രാസംഗികനാണ് ചൗധരി. എന്നാൽ ചൗധരി വക്താവായിരുന്ന രണ്ട് സംഘടനകളും ബ്രിട്ടനിൽ നിരോധിക്കപ്പെട്ടതാണ്. നിരോധിത സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അൽ ഗുറാബ, ദി സേവ്ഡ് സെക്ട് എന്നീ സംഘടനകളും തീവ്രവാദത്തെ പിന്തുണയ്ക്കുന്നു. ജിഹാദിസ്റ്റ് സംഘടനയായ ഐസിസിന് വേണ്ടിയും ജിഹാദിസ്റ്റ് പ്രവർത്തനങ്ങൾക്ക് വേണ്ടിയും കഴിഞ്ഞ 20 വർഷമായി അൻജം റിക്രൂട്ടിംഗ് ഏജന്റായി പ്രവർത്തിക്കുകയാണെന്ന് ബ്രിട്ടീഷ് പോലീസ് കണ്ടെത്തിയിരുന്നു. ശരിഅത്ത് നിയമം പ്രാബല്യത്തിൽ വരണമെന്ന് ആഗ്രഹിക്കുന്ന സുന്നികളിൽപ്പെട്ട ആളാണ് ചൗധരി.
സിറിയയിലെയും ഇറാഖിലെയും ഐസിസ് അതിക്രമങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും ആളുകളെ റിക്രൂട്ട് ചെയ്യുകയും ചെയ്യുന്ന അൻജെം നേരത്തെ പല കേസുകളിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഒരിക്കൽ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. സാക്കിർ നായിക്കിന് സമാനമാണ് ഇയാളുടെ പ്രവർത്തനങ്ങളും. പ്രഭാഷണങ്ങൾ വഴി മുസ്ലീം യുവാക്കളെയും മറ്റ് മതസ്ഥരേയും ആകർഷിച്ച് ജിഹാദിസ്റ്റ് പ്രവർത്തനങ്ങളിലേക്ക് നയിക്കകുകയാണ് തീവ്ര മുസ്ലിം പണ്ഡിതനും പ്രഭാഷകനുമായ അൻജെം ചൗധരി ചെയ്യാറുള്ളത്.
Discussion about this post