ന്യൂഡൽഹി : ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ഓപ്പൺഹൈമർ ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനം തുടർന്നു കൊണ്ടിരിക്കുകയാണ്. എന്നാൽ ഇന്ത്യയിൽ ഇപ്പോൾ ഈ ചിത്രം വലിയൊരു വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. ചിത്രത്തിൽ ലൈംഗികബന്ധത്തിനിടയിൽ ഭഗവത്ഗീതയിലെ വരികൾ വായിക്കുന്ന ഒരു രംഗമാണ് വിവാദമായിരിക്കുന്നത്. ഇപ്പോൾ ഇക്കാര്യം ഗൗരവമായി എടുത്ത് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനോട് വിശദീകരണം തേടിയിരിക്കുകയാണ് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ. കൂടാതെ ചിത്രത്തിന് 13 വയസ്സിനു മുകളിൽ ഉള്ളവർക്ക് കാണാൻ കഴിയുന്ന രീതിയിലുള്ള U/A റേറ്റിംഗ് നൽകിയതിനെയും അനുരാഗ് താക്കൂർ വിമർശിച്ചു.
ഓപ്പൺഹൈമർ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഭഗവത്ഗീതയിലെ ചില വാക്യങ്ങൾ വായിക്കുന്ന രംഗം സിനിമയിൽ നിന്ന് ഒഴിവാക്കാൻ അനുരാഗ് താക്കൂർ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എങ്ങനെയാണ് ഇത്തരമൊരു രംഗം സർട്ടിഫിക്കേഷൻ പ്രക്രിയയിൽ കടന്നുകൂടാൻ അനുവദിച്ചതെന്ന് ചോദിച്ച് അനുരാഗ് താക്കൂർ രോഷം പ്രകടിപ്പിച്ചു. ഭഗവദ്ഗീതയെക്കുറിച്ചുള്ള സിനിമയിലെ ആ രംഗം അംഗീകരിച്ചതിന് ഉത്തരവാദികളായ സെൻസർ ബോർഡിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായേക്കുമെന്നും മന്ത്രി സൂചന നൽകി.
ലോകത്തിലെ ആദ്യത്തെ അണുബോംബ് സൃഷ്ടിച്ച റോബർട്ട് ഓപ്പൺഹൈമറിനെ കേന്ദ്രീകരിച്ചുള്ള ഒരു ബയോപിക് ആണ് ഓപ്പൺഹൈമർ. സിലിയൻ മർഫി അവതരിപ്പിച്ച ഓപ്പൺഹൈമർ ഫ്ലോറൻസ് പഗ് അവതരിപ്പിച്ച സൈക്കോളജിസ്റ്റായ ജീൻ ടാറ്റ്‌ലറുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സമയത്താണ് പേരോ പുറംഭാഗമോ കാണിക്കാത്ത ഒരു സംസ്‌കൃത ഗ്രന്ഥത്തിലെ വരികൾ വായിക്കുന്നത്. ഇത് ഭഗവത്ഗീതയിലെ പ്രശസ്തമായ വരികളാണ്. ഈ രംഗമാണ് ഹിന്ദുവിശ്വാസികൾക്ക് മനോവിഷമമുണ്ടാക്കിയത്. തുടർന്ന് സമൂഹമാദ്ധ്യമങ്ങളിൽ വലിയ വിമർശനമാണ് ഇതിനെതിരെ ഉണ്ടായിരിക്കുന്നത്.
Discussion about this post