ശ്രീനഗർ : ജമ്മു കശ്മീരിലെ ബരാമുളള ജില്ലയിൽ നിന്ന് രണ്ട് ഭീകരരെ അറസ്റ്റ് ചെയ്തു. ലഷ്‌കർ ഇ ത്വയ്ബ ഭീകരരെയാണ് പോലീസ് പിടികൂടിയത്. ദായേം മജീദ് ഖാൻ, ഉബൈർ താരിഖ് എന്നിവരാണ് ക്രീരി ഗ്രാമത്തിൽ നിന്ന് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. രാജ്യത്ത് ആക്രമണം നടത്താൻ വേണ്ടി എത്തിച്ച ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പോലീസ് പിടിച്ചെടുത്തു.
ക്രീരി ഗ്രാമപ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ സംശയാസ്പദമായ സാഹചര്യത്തിൽ രണ്ട് പേർ പോലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെ കണ്ടതോടെ ഇവർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് ഭീകരരെ വളഞ്ഞു. ഇവർക്ക് പാകിസ്താൻ ഭീകരരുമായി ബന്ധമുണ്ടെന്നും പോലീസ് വ്യക്തമാക്കി.
ജമ്മു കശ്മീരിലെ ജനങ്ങളെ അപായപ്പെടുത്തുകയാണ് ഇവർ ലക്ഷ്യമിട്ടിരുന്നതെന്നാണ് കണ്ടെത്തൽ. ഇതിന് ആവശ്യമായ ആയുധങ്ങളും വെടിയുണ്ടകളും ഇവർക്ക് ലഭിച്ചിരുന്നു.
ഭീകരരുടെ കയ്യിൽ നിന്ന് ചൈനീസ് പിസ്റ്റലുകളും മാഗസിനുകളും, വെടിയുണ്ടകളും, ഐഡി കാർഡും ആധാർ കാർഡും പോലീസ് പിടിച്ചെടുത്തു.
നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് യുഎപിഎ പ്രകാരം ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post