ലക്‌നൗ: ജ്ഞാൻവാപി മസ്ജിദിലെ ശാസ്ത്രീയ പരിശോധനയുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിക്കാൻ തീരുമാനിച്ച് അലഹബാദ് ഹൈക്കോടതി. ശാസ്ത്രീയ പരിശോധനയ്‌ക്കെതിരെ മസ്ജിദ് കമ്മിറ്റി നൽകിയ ഹർജി പരിഗിക്കുന്നതിന് വേണ്ടിയാണ് പ്രത്യേക ബെഞ്ച് രൂപീകരിക്കുന്നത്. അഞ്ചംഗ ബെഞ്ചാകും രൂപീകരിക്കുക.
ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ പരിശോധനയ്‌ക്കെതിരെ കഴിഞ്ഞ ദിവസം മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സുപ്രീംകോടതിയാണ് ഹൈക്കോടതിയെ സമീപിക്കാൻ കമ്മിറ്റിയോട് നിർദ്ദേശിച്ചത്. രണ്ട് ദിവസത്തേക്ക് സർവ്വേ നടപടികൾ താത്കാലികമായി നിർത്തിവയ്ക്കാൻ കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു മസ്ജിദ് കമ്മിറ്റി ഹൈക്കോടതിയിൽ ഹർജി നൽകിയത്.
വാരാണസി കോടതിയായിരുന്നു ഹിന്ദു വിഭാഗത്തിന്റെ ആവശ്യം അംഗീകരിച്ച് ശാസ്ത്രീയ പരിശോധന നടത്താൻ ഉത്തരവിട്ടത്. ഇത് പ്രകാരം ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിലെ ഗവേഷകർ സ്ഥലത്ത് എത്തുകയും ചെയ്തു. എന്നാൽ ഇതിനിടെ മുസ്ലീം വിഭാഗം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. വിഷയത്തിൽ ഓഗസ്റ്റ് 28 ന് കോടതി അന്തിമ വിധിപറയുമെന്നാണ് വിവരം.
Discussion about this post