ഏഷ്യൻ ഗെയിംസിന് തയ്യാറെടുക്കുന്ന ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് വലിയ തിരിച്ചടിയായി ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ICC) സസ്പെൻഷൻ. പെരുമാറ്റ ചട്ടലംഘനത്തിന്റെ പേരിലാണ് ഹർമൻപ്രീത് കൗറിനെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. മത്സര പ്രതിഫലത്തിന്റെ 50% പിഴയായും ചുമത്തിയിട്ടുണ്ട്.
ബംഗ്ലാദേശിനെതിരായ ഐസിസി വനിതാ ചാമ്പ്യൻഷിപ്പ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മോശം മാതൃക കാണിച്ചു എന്നാണ് ഐസിസി ഈ നടപടിയ്ക്ക് കാരണമായി പറയുന്നത്. ഈ മത്സരത്തിനിടെ ഹർമൻപ്രീത് കൗർ സ്റ്റമ്പ് തകർക്കുകയും അമ്പയറെ പരസ്യമായി വിമർശിക്കുകയും ചെയ്തിരുന്നു. ബംഗ്ലാദേശിൽ നിന്നുള്ള ഐസിസി അന്താരാഷ്ട്ര പാനൽ മാച്ച് റഫറി അക്തർ അഹമ്മദാണ് ഹർമൻപ്രീതിനെതിരെ ആരോപണം ഉന്നയിച്ചത്. തുടർന്ന് ഹർമൻപ്രീത് കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു.
ലെവൽ 2 വകുപ്പിൽ പെടുന്ന ഈ കുറ്റത്തിന് ഹർമൻപ്രീതിന് മത്സര പ്രതിഫലത്തിന്റെ 50 ശതമാനം പിഴ ചുമത്തിയിട്ടുണ്ട്. അച്ചടക്ക റെക്കോർഡിൽ മൂന്ന് ഡീമെറിറ്റ് പോയിന്റുകളും രേഖപ്പെടുത്തി . ഈ ഡീമെറിറ്റ് പോയിന്റുകൾ അനുസരിച്ചാണ് എത്ര മത്സരങ്ങളിൽ നിന്നും സസ്പെൻഡ് ചെയ്യണം എന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ തീരുമാനിക്കുക. നിലവിൽ രണ്ട് അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നുമാണ് ഹർമൻപ്രീതിനെ സസ്പെൻഡ് ചെയ്തിട്ടുള്ളത്.
ഐസിസിയുടെ ഈ നടപടിയോടുകൂടി സെപ്റ്റംബർ 23 ന് ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന് പങ്കെടുക്കാനാകില്ല. ചൈനയിലെ ഹാങ്‌ഷൗവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് ക്വാർട്ടർ ഫൈനലിലേക്ക് നേരിട്ട് പ്രവേശനം ലഭിച്ചിട്ടുള്ളതാണ്. സസ്പെൻഷൻ ലഭിച്ചതിനാൽ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന് ക്വാർട്ടർ ഫൈനലും സെമി ഫൈനലും നഷ്ടമാകും.
Discussion about this post