പത്തനംതിട്ട: ആറന്മുളയിൽ മൂന്നാം ക്ലാസുകാരിയെ അദ്ധ്യാപകൻ ചൂരലുകൊണ്ട് അടിച്ച സംഭവത്തിൽ നടപടിയെടുത്ത് വിദ്യാഭ്യാസ വകുപ്പ്. കുട്ടിയ തല്ലിയ ആറന്മുള എരുമക്കാട് ഗുരുക്കൻകുന്ന് എൽ.പി സ്‌കൂളിലെ അദ്ധ്യാപകനായ ബിനുവിനെ സസ്‌പെൻഡ് ചെയ്തു. മന്ത്രി വി. ശിവൻകുട്ടിയുടെ നിർദേശ പ്രകാരമാണ് നടപടി. വിഷയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് ഐഎഎസിനോട് മന്ത്രി റിപ്പോർട്ട് തേടിയിരുന്നു.
ഇക്കാര്യത്തിൽ ഉള്ള എ ഇ ഒ യുടെ റിപ്പോർട്ടും പോലീസ് കേസ് സംബന്ധിച്ച രേഖകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ആണ് സസ്‌പെൻഷൻ. അദ്ധ്യാപകർക്ക് വിദ്യാർത്ഥികളെ ശാരീരികമായി ഉപദ്രവിക്കാനുള്ള യാതൊരു അവകാശവും ഇല്ലെന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. അധ്യാപകൻ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്‌തെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരം സംഭവങ്ങളിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
തിങ്കളാഴ്ച ഉച്ചയോടെ മൂന്നാം ക്ലാസ് വിദ്യാർഥിനി ക്ലാസിൽ നൽകിയ പാഠഭാഗങ്ങൾ എഴുതിയില്ലെന്ന് പറഞ്ഞ് ചൂരൽകൊണ്ട് അദ്ധ്യാപകൻ കൈയിൽ അടിക്കുകയായിരുന്നു. വൈകിട്ട് വീട്ടിലെത്തി ബന്ധുക്കളെ വിവരമറിയിച്ചതിനെ തുടർന്ന് പരിക്കേറ്റ കുട്ടിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഡോക്ടറെ കാണിച്ചു. പിന്നീട് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പൊലീസ് കുട്ടിയുടെ മൊഴിയെടുത്തു. കുട്ടിയെ ദേഹോപദ്രവം ഏൽപ്പിച്ചതിന് ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരവും കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
Discussion about this post