ലക്‌നൗ: ജ്ഞാൻവാപി കേസിൽ മസ്ജിദിലെ ശാസ്ത്രീയ പരിശോധനയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് നീട്ടി അലഹബാദ് ഹൈക്കോടതി. വ്യാഴാഴ്ച വൈകീട്ടുവരെയാണ് വിലക്ക് നീട്ടിയത്. കേസ് വ്യാഴാഴ്ച കോടതി വീണ്ടും പരിഗണിക്കും.
മസ്ജിദ് കമ്മിറ്റി നൽകിയ ഹർജിയിൽ ഇന്നുവരെ പരിശോധന നിർത്തിവയ്ക്കാനാണ് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. ഇതേ തുടർന്നാണ് ഇന്ന് ഹർജി വീണ്ടും പരിഗണിച്ചത്. പരിഗണിക്കുന്നതിനിടെ സർവ്വേ തുടരാൻ കോടതി ഉത്തരവിട്ടിരുന്നു. ഇതിന് ശേഷം കോടതി അഞ്ച് മണിവരെ പിരിയുകയും ചെയ്തിരുന്നു. ഇതിന് ശേഷമായിരുന്നു വ്യാഴാഴ്ചവരെ വിലക്ക് തുടരുമെന്ന് അറിയിച്ചത്.
കോടതിയിൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷമാകും കോടതി അടുത്ത ദിവസം അന്തിമ വിധി പ്രസ്താവിക്കുക.
തിങ്കളാഴ്ചയായിരുന്നു ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ മസ്ജിദിൽ ശാസ്ത്രീയ പരിശോധന ആരംഭിച്ചത്. ഇതിന് തൊട്ട് പിന്നാലെ മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയിൽ ഹർജി നൽകുകയായിരുന്നു. വാരാണസി കോടതിയാണ് ഹിന്ദുക്കളുടെ ഹർജി പരിഗണിച്ച് പരിശോധനയ്ക്ക് ഉത്തരവിട്ടത്.








