കൊൽക്കത്ത: അദ്ധ്യാപക നിയമന അഴിമതി കേസിൽ പ്രതിയായ തൃണമൂൽ കോൺഗ്രസ് നേതാവിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് സിബിഐ. തൃണമൂൽ എംഎൽഎ മാണിക് ഭട്ടാചാര്യയ്‌ക്കെതിരെയാണ് പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. നിലവിൽ കേസിൽ അറസ്റ്റിലായി ജയിലിലാണ് ഭട്ടാചാര്യ.
കേസിൽ പോലീസ് അന്വേഷണം തൃപ്തികരമല്ലാത്തതിനെ തുടർന്ന് ഹൈക്കോടതി കേസ് സിബിഐയ്ക്ക് കൈമാറിയിരുന്നു. ഇതേ തുടർന്ന് ബുധനാഴ്ച രാവിലെ ഭട്ടാചാര്യയിൽ നിന്നും പോലീസ് മൊഴിയെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
അന്വേഷണ വിധേയമായി ഭട്ടാചാര്യയെ സിബിഐ ഉടൻ കസ്റ്റഡിയിൽ എടുക്കും. ഇതിനായുള്ള നടപടികളിലേക്ക് കടന്നിട്ടുണ്ടെന്നാണ് സൂചന.
ബംഗാൾ പ്രൈമറി എജ്യുക്കേഷൻ ബോർഡ് അദ്ധ്യക്ഷനായിരുന്നു മാണിക് ഭട്ടചാര്യ. സേവന കാലയളവിലായിരുന്നു ഭട്ടാചാര്യയുടെ അഴിമതി. 269 സർക്കാർ- എയ്ഡഡ് പ്രൈമറി സ്‌കൂളുകളിലാണ് അദ്ധ്യാപകരെ മതിയായ യോഗ്യതയില്ലാതെ നിയമിച്ചത്. ഇതിനെതിരെ തഴയപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ നിയമ നടപടി സ്വീകരിക്കുകയായിരുന്നു.








