ന്യൂഡൽഹി: ഡൽഹിയിലെ ജുമാ മസ്ജിദ് പ്രദേശത്ത് കർശന പരിശോധനയുമായി പോലീസ്. മുഹറം ആഘോഷത്തിന്റെ പശ്ചാത്തലത്തിലാണ് രാത്രിയിൽ ഉൾപ്പെടെ പരിശോധന നടത്തുന്നത്. ഇസ്ലാമിക കലണ്ടറിലെ വർഷാരംഭമായാണ് മുസ്ലീം മതവിശ്വാസികൾ മുഹറം ആഘോഷിയ്ക്കുന്നത്.
പ്രദേശത്ത് സംഘർഷമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനാണ് പോലീസ് നടപടി. മുഹറം ഘോഷയാത്രയ്ക്കിടെ മുൻ വർഷങ്ങളിൽ മസ്ജിദ് പരിസരങ്ങളിൽ സംഘർഷം ഉണ്ടായിരുന്നു. ഇക്കുറിയും ഇതിന് സാദ്ധ്യതയുണ്ട്. ഇത് ഒഴിവാക്കാൻ മുൻകരുതൽ നടപടിയെന്നോണമാണ് പോലീസ് പരിശോധന നടത്തുന്നത്. ഘോഷയാത്രയ്ക്കിടെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് പോലീസിന്റെ തീരുമാനം.
മുഹറം ഘോഷ യാത്രകൾ ഡ്രോൺ, സിസിടിവി ക്യാമറ എന്നിവ ഉപയോഗിച്ച് നിരീക്ഷിക്കുമെന്ന് ഡൽഹി സ്പെഷ്യൽ പോലീസ് കമ്മീഷണർ പഥക് പറഞ്ഞു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ വൻ പോലീസ് സന്നാഹം വിന്യസിക്കും. അക്രമങ്ങൾക്കെതിരെ ബോധവത്ക്കരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം മുഹറം ഘോഷയാത്രയുടെ ഭാഗമായി കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
Discussion about this post