കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മരണവുമായി ബന്ധപ്പെട്ട പരാമർശത്തിൽ തനിക്കെതിരെ കേസെടുക്കണമെന്ന് നടൻ വിനായകൻ. ഉമ്മൻചാണ്ടിയെ ആക്ഷേപിക്കുന്ന തരത്തിൽ അഭിപ്രായം പറഞ്ഞ വിനായകനെതിരെ കേസ് എടുക്കേണ്ടെന്ന് ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു. ഇക്കാര്യം രേഖപ്പെടുത്തിയ ഒരു ഓൺലൈൻ മാദ്ധ്യമത്തിന്റെ സോഷ്യൽ മീഡിയ കാർഡ് പങ്കുവെച്ചാണ് കേസെടുക്കണമെന്ന് വിനായകൻ ഫേസ്ബുക്കിൽ ആവശ്യപ്പെട്ടത്.
ഉമ്മൻചാണ്ടിയുടെ മരണത്തിന് പിന്നാലെയാണ് വിനായകൻ വിവാദമായ പരാമർശം നടത്തിയത്. “ആരാണീ ഉമ്മൻചാണ്ടി, എന്തിനാണ് മൂന്ന് ദിവസം ദുഖാചരണം. ഉമ്മൻചാണ്ടി ചത്തു. അതിന് ഞങ്ങൾ എന്ത് ചെയ്യണം. എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാൽ ഞാൻ വിചാരിക്കൂല. ഉമ്മൻചാണ്ടി ചത്തുപോയി അത്രേയുളളൂ” എന്നായിരുന്നു വിനായകന്റെ വാക്കുകൾ. വീഡിയോ പുറത്തുവന്നതോടെ വ്യാപക പ്രതിഷേധമാണുയർന്നത്.
സംഭവത്തിൽ വിനായകനെതിരെ കേസെടുക്കുകയും നോർത്ത് പോലീസ് സ്‌റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പിന്നാലെ പോലീസ് ഫ്‌ളാറ്റിൽ പരിശോധന നടത്തുകയും ഫോൺ പിടിച്ചെടുക്കുകയും ചെയ്തു. കോൺഗ്രസ് പ്രവർത്തകരും സിനിമാ പ്രവർത്തകരും അടക്കം പ്രതിഷേധവുമായി രംഗത്തെത്തി.
എന്നാൽ ആർക്കും വ്യക്തിപരമായ അഭിപ്രായം പറയാം. അതിന് ഒരു കേസും എടുക്കേണ്ട കാര്യമില്ലെന്നുമായിരുന്നു സംഭവത്തോട് ചാണ്ടി ഉമ്മന്റെ പ്രതികരണം. പിതാവ് ജീവിച്ചിരുന്നെങ്കിൽ അദ്ദേഹം സ്വീകരിക്കുമായിരുന്ന നിലപാടും ഇതായിരുന്നേനെ എന്ന് പറഞ്ഞുകൊണ്ടാണ് ചാണ്ടി ഉമ്മൻ ഇതിനോട് പ്രതികരിച്ചത്. ഈ സ്‌ക്രീൻഷോട്ട് പങ്കുവെച്ചാണ് എനിക്കെതിരെ കേസെടുക്കണമെന്ന് വിനായകൻ ദിവസങ്ങൾക്ക് ശേഷം ആവശ്യപ്പെട്ടിരിക്കുന്നത്.
Discussion about this post