മുംബൈ: മഹാരാഷ്ട്രയിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം. ദേശീയ പാത 6ൽ ബുൽധാന ജില്ലയിലെ മൽകാപൂർ ഫ്ലൈ ഓവറിൽ പുലർച്ചെ 2.30 ഓടെയായിരുന്നു ആഢംബര ബസ്സുകൾ കൂട്ടിയിടിച്ചത്. അപകടത്തിൽ 6 പേർ മരിക്കുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് വിവരം.
പരിക്കേറ്റ അഞ്ച് പേരുടെ നില ഗുരുതരമാണ്. അമർനാഥ് തീർത്ഥാടകരുമായി ഹിംഗോളിയിലേക്ക് പോവുകയായിരുന്ന ബസ്, നാസിക്കിലേക്ക് പോവുകയായിരുന്ന ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവരിൽ 2 പേർ സ്ത്രീകളാണ്. നാസിക്കിലേക്ക് പോവുകയായിരുന്ന ബസ് ഒരു ട്രക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ദീർഘ നേരം ഗതാഗതം തടസ്സപ്പെട്ടു.
അടുത്തയിടെ മഹാരാഷ്ട്രയിൽ ബസ്സിന് തീ പിടിച്ച് 26 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം മഹാരാഷ്ട്ര സർക്കാർ ധനസഹായം പ്രഖ്യാപിച്ചിരുന്നു. അപകടസസ്ഥലം സന്ദർശിച്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസും സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
Discussion about this post