കൊല്ലം: കടയ്ക്കലിൽ ഒരു വീടിന് നേരെ ഒരാഴ്ചയായി കല്ലേറും പണമേറും. ചിതറിക്കിടക്കുന്ന നാണയങ്ങളും 500 രൂപയുടെ നോട്ടുകളുമാണ് പുറത്തിറങ്ങുന്ന സമയത്ത് കാണുന്നത്. കഴിഞ്ഞ ഒരാഴ്ചയായി കടയ്ക്കൽ ആനപ്പാറ മണിയൻമുക്കിൽ ഗോവിന്ദമംഗലം റോഡിൽ കിഴക്കേവിള വീട്ടിൽ രാജേഷിന്റെ വീട്ടിലാണ് ഈ സംഭവം നടക്കുന്നത്. 2 ദിവസത്തിനുള്ളിൽ ഇവിടെ നിന്ന് 8900 രൂപയാണ് ലഭിച്ചത്. ഇങ്ങനെ ലഭിച്ച തുക വീട്ടുകാർ പോലീസിൽ ഏൽപ്പിച്ചിട്ടുണ്ട്. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ അമ്പരപ്പിലാണ് നാട്ടുകാരും വീട്ടുകാരും.
പോലീസ് എത്തി സംഭവസ്ഥലത്ത് പരിശോധന നടത്തിയെങ്കിലും ആരാണ് പണവും കല്ലും എറിയുന്നത് എന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. ജനപ്രതിനിധികളും നാട്ടുകാരും ഇവിടെയുള്ളപ്പോൾ തന്നെ വീടിന് മുകളിൽ ഉള്ള ആസ്ബറ്റോസ് ഷീറ്റിന് മേൽ കല്ലുകൾ വീണിരുന്നു. എന്നാൽ ആരേയും കാണാൻ സാധിച്ചില്ല.
വിദേശത്ത് ജോലി ചെയ്യുന്ന രാജേഷിന്റെ ഭാര്യ പ്രസീദയും മക്കളും പ്രസീദയുടെ അച്ഛൻ പുഷ്‌ക്കരനും അമ്മയും ആണ് വീട്ടിൽ താമസം. കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും ഈ കല്ലേറും നാണയമേറും തുടരുകയാണ്.












