കൊച്ചി : ആലുവയിൽ അഞ്ച് വയസ്സുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാഖ് അറസ്റ്റിൽ. കൊലപ്പെട്ട പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്ന സൂചനകളാണ് പ്രാഥമിക പരിശോധനയിൽ ലഭിക്കുന്നത്. കുട്ടിയുടെ രഹസ്യഭാഗങ്ങളിൽ ഉൾപ്പെടെ മുറിവ് ഉണ്ട്. കുട്ടിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാകാം എന്നും ഇൻക്വസ്റ്റ് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
കഴിഞ്ഞ ദിവസം വൈകീട്ടാണ് അഞ്ച് വയസ്സുകാരിയെ പ്രതി തട്ടിക്കൊണ്ട് പോയത്. ആലുവ മാർക്കറ്റിന് പുറകിലേക്ക് കുട്ടിയുമായി നടന്നുപോയ പ്രതിയെ പലരും കണ്ടിരുന്നു. ചോദിച്ചപ്പോൾ തന്റെ സ്വന്തം കുട്ടിയാണെന്നും മദ്യപിക്കാൻ പോകുകയാണെന്നുമായിരുന്നു പ്രതിയുടെ മറുപടി. തുടർന്ന് മാർക്കറ്റിന് പുറകിലെ വിജനമായ പ്രദേശത്ത് എത്തിച്ച ശേഷം ഇയാൾ പെൺകുട്ടിയെ ക്രൂരപീഡനത്തിന് ഇരയാക്കിയെന്നാണ് പ്രാഥമിക വിവരം.
കുഞ്ഞിന്റെ രഹസ്യഭാഗങ്ങളിൽ മുറിവേറ്റിട്ടുണ്ട്. കല്ലുകൊണ്ട് തലയ്ക്ക് അടിച്ചതായും കണ്ടെത്തിയിട്ടുണ്ട്. മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം പ്ലാസ്റ്റിക് കവറുകളും ചാക്കുകളും മൃതദേഹത്തിന് മുകളിൽ വെച്ചു. മൂന്ന് കല്ലുകൾ കൂടി മൃതദേഹത്തിന് മുകളിൽ വെച്ച ശേഷമാണ് പ്രതി കടന്നുകളഞ്ഞത്. പ്രതി കുറ്റം സമ്മതിച്ചതിനെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു.












