ആലുവ : ആലുവയിൽ ലൈംഗിക പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ സംസ്‌കാര കർമ്മങ്ങളിൽ പോലും സർക്കാർ പ്രതിനിധികൾ പങ്കെടുക്കാത്തത് വിവാദമായതോടെ പെൺകുട്ടിയുടെ വീട് സന്ദർശിച്ച് ആരോഗ്യമന്ത്രി വീണ ജോർജും ജില്ലാ കളക്ടറും. വീട്ടിലെത്തിയ വീണ ജോർജ് കുട്ടിയുടെ മാതാപിതാക്കളെ ആശ്വസിപ്പിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രി പ്രതികരിച്ചു.
കുടുംബത്തിന് ആദ്യഘട്ട സഹായം ഉടൻ നൽകുമെന്നും മന്ത്രി പ്രഖ്യാപിച്ചു. മറ്റ് സഹായത്തെക്കുറിച്ച് പിന്നീട് ചർച്ച ചെയ്യും. കുടുംബത്തിന് ധനസഹായം നൽകാൻ ശുപാർശ ചെയ്യുമെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷും പറഞ്ഞു.
സിപിഎം നേതാവ് എംഎം മണി കുട്ടിയുടെ വീട്ടിൽ എത്തിയിരുന്നു. ജില്ലാ ഭരണകൂടത്തിന് വേണ്ടി ആരും സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാത്തത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് എംഎം മണി പ്രതികരിച്ചിരുന്നു. കുടുംബത്തിന് ധനസഹായം ലഭിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും എംഎം മണി കൂട്ടിച്ചേർത്തു.
കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരിയായ പെൺകുട്ടിയുടെ സംസ്‌കാര ചടങ്ങുകളിൽ സർക്കാർ പ്രതിനിധി പങ്കെടുക്കാത്തതിനെക്കുറിച്ച് അറിയില്ലെന്നാണ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞത്. എല്ലാ സ്ഥലത്തും മന്ത്രിമാർ എത്തിക്കൊള്ളണം എന്നില്ലല്ലോ എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും പ്രതികരിച്ചിരുന്നു.
പൊതു ദർശനത്തിനും സംസ്‌കാര ചടങ്ങുകൾക്കും സർക്കാർ പ്രതിനിധികൾ ആരും എത്താത്തതിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. മന്ത്രി പി രാജീവോ, ജില്ലാ കളക്ടറോ പോലും ചടങ്ങിന് എത്താത്തതിൽ കോൺഗ്രസ് പ്രതിഷേധം അറിയിച്ചിരുന്നു. ആരും വരാത്തതിൽ എറണാകുളത്ത് വ്യാപക പ്രതിഷേധം നടത്താനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.
Discussion about this post