ഇംഫാൽ; സംഘർഷം തുടരുന്ന മണിപ്പൂരിൽ തന്റേതെന്ന് പറയാവുന്ന എല്ലാം നഷ്ടപ്പെട്ടുവെന്ന് ദേശീയ ഫുട്‌ബോൾ താരം ചിംഗ്ലെൻസന സിംഗ്. സംസ്ഥാനത്ത് വീട് നഷ്ടപ്പെട്ട ആയിരങ്ങളിൽ ഒരാളായി താൻ മാറിയെന്ന് മെയ്‌തേയി വിഭാഗക്കാരനായ താരം പറയുന്നു. ഇത്ര കാലം അധ്വാനിച്ച് നേടിയതെല്ലാം നഷ്ടപ്പെട്ടു. സമ്പാദ്യം മുഴുവൻ അക്രമികൾ നശിപ്പിച്ചതായി ചിംഗ്ലെൻസന സിംഗ് പറയുന്നു.
അക്രമം പൊട്ടിപ്പുറപ്പെട്ട ദിവസം, മോഹൻ ബഗാനെതിരായ എഎഫ്സി കപ്പ് പ്ലേ ഓഫ് (ഏഷ്യൻ കോണ്ടിനെന്റൽ ടൂർണമെന്റ്) മത്സരത്തിൽ ഹൈദരാബാദ് എഫ്സിക്ക് വേണ്ടി കളത്തിലിറങ്ങിയതായിരുന്നു ചിംഗ്ലെൻസന. മത്സരത്തിന് ശേഷം ഡ്രസിംഗ് റൂമിലെത്തിയപ്പോൾ തന്റെ ഫോണിൽ ഒരുപാട് കോളുകളും മെസേജുകളും വന്നു കിടക്കുന്നത് കണ്ടു. അപ്പോഴാണ് സ്വന്തം സംസ്ഥനത്ത് നടക്കുന്ന അക്രമസംഭവങ്ങളെ കുറിച്ച് അറിയുന്നത്.
ചുരാചന്ദ്പൂർ ജില്ലയിലെ ഖുമുജാമ ലെയ്കായി സ്വദേശിയായ ചിംഗ്ലെൻസനയുടെ വീട് അക്രമികൾ തീയിട്ട് നശിപ്പിക്കുകയായിരുന്നു. കുക്കി സ്വാധീന മേഖലയിലാണ് മേയ്‌തേയി വിഭാഗക്കാരനായ താരം താമസിക്കുന്നത്. നാട്ടിലെ യുവാക്കൾക്കായി നിർമ്മിച്ച ഫുട്‌ബോൾ ടർഫ് പോലും അക്രമികൾ തീയിട്ട് നശിപ്പിച്ചതായി താരം പറയുന്നു. സ്വത്തുക്കൾ നഷ്ടപ്പെട്ടെങ്കിലും കുടുംബത്തിന്റെ ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് ദേശീയ താരം.
ചുരാചന്ദ്പൂരിലെ പ്രതിഭാധനരായ യുവാക്കൾക്ക് ഒരു വേദി നൽകുകയെന്നത് വലിയ സ്വപ്നമായിരുന്നു. വേദി ഒരുക്കുകയും പ്രൊഫഷണൽ കളിക്കാരാകാൻ അവരെ സഹായിക്കുകയും തുടർന്ന് ദേശീയ ടീമിനായി കളിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. ഫുട്‌ബോൾ ടർഫ് നഷ്ടപ്പെട്ടതോടെ തന്റെ വലിയൊരു സ്വപ്‌നമാണ് നഷ്ടപ്പെട്ടതെന്ന് താരം വേദനയോടെ പറഞ്ഞു.










