കൊൽക്കത്ത : പശ്ചിമ ബംഗാളിൽ പാക് യുവതി പോലീസ് പിടിയിൽ. കൊൽക്കത്തയിലെ യുഎസ് കോൺസുലേറ്റിന് സമീപത്ത് വെച്ചാണ് പാകിസ്താൻ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്. യുഎസ് കോൺസുലേറ്റിന് സമീപം ലക്ഷ്യമില്ലാതെ അലഞ്ഞുതിരിയുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇവരെ പോലീസ് ചോദ്യം ചെയ്തത്.
ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. ചോദ്യം ചെയ്യലിൽ സംശയം തോന്നിയതിനെ തുടർന്ന് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് കൊൽക്കത്ത പോലീസിന്റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സും (എസ്‌ടിഎഫ്) സ്‌പെഷ്യൽ ബ്രാഞ്ചും സംയുക്തമായി ഒരു മണിക്കൂറിലധികം ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനു ശേഷം യുവതിയെ വിട്ടയച്ചു.
ലക്ഷ്യം ഇല്ലാതെ ഒരു സ്ത്രീ അലയുന്നതായി സി.സി.ടി.വിയിൽ ആണ് പോലീസ് തിരിച്ചറിഞ്ഞത്. ബ്യൂട്ടീഷ്യനാണെന്നും, 2021ല്‍ ഇന്ത്യക്കാരനെ വിവാഹം കഴിച്ച് ഇവിടേക്ക് എത്തിയതാണെന്നുമാണ് പോലീസിനോട് മൊഴി നൽകിയത്. 2024 വരെ ഇവിടെ താമസിക്കാൻ വിസയുള്ളതായും യുവതി പോലീസിനോട് പറഞ്ഞു. ഈ കാര്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.










