ന്യൂഡൽഹി : മണിപ്പൂരിലെ അക്രമ സംഭവങ്ങളിൽ രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ചർച്ച നടത്താനൊരുങ്ങി പ്രതിപക്ഷ സഖ്യം. നാളെ രാവിലെ 11.30 ന് രാജ്യസഭ പ്രതിപക്ഷ നേതാവും കോൺഗ്രസ് അദ്ധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിലുള്ള സംഘം രാഷ്ട്രപതിയെ കാണും. വിഷയത്തിൽ വിശദമായ ചർച്ച വേണമെന്ന ആവശ്യവുമായാണ്
പ്രതിപക്ഷ സഖ്യമായ ഐഎൻഡിഐഎ രാഷ്ട്രപതി ദ്രൗപദി മുർമ്മുവിന്റെ സമയം തേടിയത്.
മണിപ്പൂരിലെത്തിയ ഐഎൻഡിഐഎ സഖ്യത്തിന്റെ 21 എംപിമാരുടെ പ്രതിനിധി സംഘം സംഘർഷ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും സ്ഥിതിഗതികൾ വീക്ഷിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണെന്നും ഖാർഗെ പറഞ്ഞു. എന്നാൽ ചർച്ച ആംഭിക്കാമെന്ന് കേന്ദ്രം അറിയിക്കുമ്പോഴെല്ലാം പ്രതിപക്ഷം സഭ നടപടികൾ തുടർച്ചയായി സ്തംഭിപ്പിക്കുകയാണ്. ഇതിന് പിന്നിൽ വ്യക്തമായ ഗൂഢാലോചന ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം.
പാർലമെന്റിൽ മണിപ്പൂർ സംഘർഷത്തെക്കുറിച്ച് ചർച്ചക്ക് തയ്യാറാണെന്ന് കേന്ദ്ര സർക്കാർ പലതവണ അറിയിച്ചിട്ടും പ്രധാനമന്ത്രി പ്രസ്താവന ഇറക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം സഭ സ്തംഭിപ്പിക്കുന്നത്. ഇതിനിടെയാണ് രാഷ്ട്രപതിയുടെ ഇടപെടൽ ആവശ്യപ്പെടുന്നത്. ഹരിയാന സംഘർഷവുമായി ബന്ധപ്പെട്ട വിഷയത്തിലും ചർച്ച നടത്തുമെന്നാണ് ലഭിക്കുന്ന വിവരം.
Discussion about this post