ജയ്പൂർ : വീടിന്റെ ചുവരുകളിൽ ബിജെപി അനുകൂല മുദ്രാവാക്യങ്ങൾ എഴുതിവെച്ചതിന് മുസ്ലീം യുവതിക്ക് ക്രൂരമർദ്ദനം. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. ബിജെപിയെ പിന്തുണച്ച യുവതിയെ 150 ഓളം മതതീവ്രവാദികൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് ഇടപെട്ടതോടെ തലനാരിഴയ്ക്കാണ് യുവതി രക്ഷപ്പെട്ടത്. സംഭവത്തിൽ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ജൂലൈ 20 നാണ് സംഭവം നടന്നത്. കല്യാൺ നഗർ സ്വദേശിയായ യുവതിയാണ് ആൾക്കൂട്ട ആക്രമണത്തിന് ഇരയായത്. ഇവരുടെ വീടിന്റെ ചുവരുകളിൽ ബിജെപി അനുകൂല മുദ്രാവാക്യങ്ങൾ എഴുതിവെച്ചിരുന്നു. ഇതോടൊപ്പം താമരയുടെ ചിഹ്നവുമുണ്ടായിരുന്നു. ബിജെപി അനുകൂലിയായ യുവതിയെ പാർട്ടിയെ പ്രശംസിച്ച് സംസാരിക്കുക പതിവായിരുന്നു. ബിജെപിയെ അനുകൂലിച്ചതിനാണ് നാട്ടുകാർ യുവതിയെ റോഡിലൂടെ വലിച്ചിഴച്ചത്.
നാട്ടുകാർ ആക്രമിക്കാൻ വന്നതോടെ യുവതി വീടിനുള്ളിൽ കയറി ഒളിച്ചിരിക്കുകയായിരുന്നു. എന്നാൽ മതതീവ്രവാദികൾ ഗേറ്റും വാതിലും പൊളിച്ച് അകത്ത് കയറി യുവതിയെ വലിച്ച് വീടിന് പുറത്തിട്ടു.
150 ഓളം ആളുകൾ ചേർന്ന് യുവതിയെ ക്രൂരമായി മർദ്ദിക്കുന്നുവെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രദേശത്ത് എത്തിയത്. യുവതിയെ തെലുവിലൂടെ വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങളാണ് പോലീസ് എത്തിയപ്പോൾ കണ്ടത്. തുടർന്ന് മുസ്ലീം യുവതിയെ മതതീവ്രവാദികളുടെ ആക്രമണത്തിൽ നിന്ന് പോലീസ് രക്ഷിച്ചു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
യുവതിക്ക് മാനസിക പ്രശ്‌നങ്ങൾ ഉള്ളതായി പോലീസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഭർത്താവ് ഷാദത്ത് അലിയുടെ പരാതിയിൽ പോലീസ് ഏഴ് പേർക്കെതിരെ കേസെടുത്തു.








