ലണ്ടൻ : 2023-ലെ ബുക്കർ പ്രൈസിനായി ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട സൃഷ്ടികളിൽ ഇടംപിടിച്ച് ഇന്ത്യൻ വംശജയായ എഴുത്തുകാരിയുടെ ആദ്യ നോവൽ. ലണ്ടൻ ആസ്ഥാനമായുള്ള ഇന്ത്യൻ വംശജയായ എഴുത്തുകാരി ചേത്‌ന മാരു ആണ് ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയത്. മാരുവിന്റെ ആദ്യ നോവൽ ആയ ‘വെസ്‌റ്റേൺ ലെയ്‌ൻ’ ആണ് ചൊവ്വാഴ്ച വെളിപ്പെടുത്തിയ ബുക്കർ പ്രൈസിനായി തിരഞ്ഞെടുക്കപ്പെട്ട 13 പുസ്തകങ്ങളിൽ ഇടം നേടിയത്.
കെനിയയിൽ ജനിച്ച ഇന്ത്യൻ വംശജയാണ് ചേത്‌ന മാരു. ബ്രിട്ടീഷ് ഗുജറാത്തി ചുറ്റുപാടിൽ സ്ക്വാഷ് എന്ന കായിക രൂപത്തെ പശ്ചാത്തലം ആക്കിയാണ് ‘വെസ്‌റ്റേൺ ലെയ്‌ൻ’ എന്ന നോവൽ ചേത്‌ന മാരു എഴുതിയിരിക്കുന്നത്.
മനുഷ്യവികാരങ്ങളുടെ ഒരു രൂപകമായി സ്ക്വാഷിനെ ഉപയോഗിച്ചതിന് ബുക്കർ ജഡ്ജിമാർ ചേത്‌ന മാരുവിനെ പ്രശംസിച്ചു.
ഗോപി എന്ന 11 വയസ്സുകാരിയും അവളുടെ കുടുംബവുമായുള്ള ബന്ധവുമാണ് നോവലിന്റെ പ്രധാന കഥാ പശ്ചാത്തലം.
‘വെസ്റ്റേൺ ലെയ്‌ൻ’ ഒരു കുടുംബത്തിന്റെ ദുഃഖത്തിൽ പിടയുന്ന ആഴത്തിലുള്ള ഉദ്വേഗജനകമായ അരങ്ങേറ്റമാണെന്ന് ബുക്കർ പ്രൈസ് ജഡ്ജിംഗ് പാനൽ പറഞ്ഞു. രണ്ടുതവണ ബുക്കർ ഷോർട്ട്‌ലിസ്റ്റ് ചെയ്ത കനേഡിയൻ നോവലിസ്റ്റ് ഈസി എഡുഗ്യാൻ ആയിരുന്നു ബുക്കർ പ്രൈസ് ജഡ്ജിംഗ് പാനൽ അധ്യക്ഷൻ.
‘വെസ്റ്റേൺ ലെയ്ൻ’ കൂടാതെ എഴുത്തുകാരുടെ ആദ്യ നോവലുകളായി മറ്റു നാലെണ്ണം കൂടി ഇത്തവണ ബുക്കർ പ്രൈസ് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
ജോനാഥൻ എസ്‌കോഫെറിയുടെ ‘ഇഫ് ഐ സർവൈവ് യു’, സിയാൻ ഹ്യൂസിന്റെ ‘പേൾ’, വിക്ടോറിയ ലോയ്ഡ്-ബാർലോയുടെ ‘ഓൾ ദ ലിറ്റിൽ ബേർഡ് ഹാർട്ട്സ്’ എന്നിവയാണ് മറ്റു മൂന്ന് ആദ്യ നോവലുകൾ.
സെബാസ്റ്റ്യൻ ബാരിയുടെ ‘ഓൾഡ് ഗോഡ്‌സ് ടൈം’, പോൾ ഹാർഡിംഗിന്റെ ‘ദ അദർ ഈഡൻ’, അയോബാമി അഡെബയോയുടെ ‘എ സ്‌പെൽ ഓഫ് ഗുഡ് തിംഗ്സ്’, പോൾ ലിഞ്ചിന്റെ ‘പ്രൊഫറ്റ് സോംഗ്’, മാർട്ടിൻ മക്കിന്നസിന്റെ ‘ഇൻ അസെൻഷൻ’, ടാൻ ട്വാൻ എംഗിന്റെ ‘ദ ഹൗസ് ഓഫ് ഡോർസ്’ , പോൾ മുറെയുടെ ‘ദി ബീ സ്റ്റിംഗ്’, സാറാ ബേൺസ്റ്റൈന്റെ ‘സ്റ്റഡി ഫോർ ഒബീഡിയൻസ്’, എലെയ്ൻ ഫീനിയുടെ ‘ഹൗ ടു ബിൽഡ് എ ബോട്ട്’ എന്നിവയാണ് ബുക്കർ പ്രൈസിനായി ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട മറ്റു പുസ്തകങ്ങൾ.








