നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ ഗണപതി മിത്താണെന്ന വിവാദ പ്രസംഗത്തിനെതിരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഗണപതി മിത്ത് ആണെങ്കിൽ വിനായക അഷ്ടകം എഴുതിയ ശ്രീനാരായണ ഗുരുദേവൻ അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന ആളാണോ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കണം എന്ന് മാധ്യമങ്ങളോട് സംസാരിക്കവേ മുരളീധരൻ ആവശ്യപ്പെട്ടു. ലോകമെമ്പാടും നിരവധി ക്ഷേത്രങ്ങളിൽ ആരാധിക്കുന്ന ഗണപതി എന്ന ശക്തിയെ അവഹേളിക്കുന്നത് ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയായിട്ടേ കാണാൻ സാധിക്കൂ എന്നും വി മുരളീധരൻ വ്യക്തമാക്കി.
സ്പീക്കറുടെ മതത്തിന്റെ കാര്യം വരുമ്പോൾ സ്പീക്കറുടെയും മാർക്സിസ്റ്റ് പാർട്ടിയുടെയും നിലപാടുകളുടെ കാര്യത്തിൽ വ്യത്യാസം വരുമെന്നും വി മുരളീധരൻ പറഞ്ഞു. സമാനമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ അല്ല എല്ലാ മതങ്ങളെയും ഇവർ കാണുന്നത് എന്നും മുരളീധരൻ വ്യക്തമാക്കി. മഞ്ചേരിയിലെ ഗ്രീൻവാലിയിൽ ഒരു ദശകത്തിലേറെയായി നടക്കുന്ന ആയുധ സംഭരണവും ആയുധ പരിശീലനവും ഇവിടുത്തെ സർക്കാരുകൾ കണ്ടില്ലെന്ന് പറയുന്നത് എങ്ങനെ വിശ്വസിക്കാൻ കഴിയും എന്നും വി മുരളീധരൻ ചോദിച്ചു.
എ എൻ ഷംസീറിന്റെ വിവാദ പ്രസ്താവന സയന്റിഫിക് ടെമ്പർ ആണെങ്കിൽ അത് ഹിന്ദുമതത്തിന്റെ കാര്യത്തിൽ മാത്രമല്ല എല്ലാ മതങ്ങളുടെ കാര്യത്തിലും വേണമെന്നും വി മുരളീധരൻ അഭിപ്രായപ്പെട്ടു. ഹിന്ദുമതത്തിനുള്ള അത്രയും സയന്റിഫിക് ടെമ്പർ മറ്റു മതങ്ങൾക്ക് ഉണ്ടോ എന്ന് പരിശോധിക്കേണ്ടി വരുമെന്നും വി മുരളീധരൻ മാധ്യമങ്ങളെ കണ്ട് സംസാരിക്കവേ വ്യക്തമാക്കി.
Discussion about this post