ന്യൂഡൽഹി: സിമി നേതാവും 2003 ലെ മുളുന്ദ് ബോംബ് സ്‌ഫോടന കേസിലെ മുഖ്യ പ്രതിയുമായ കാം ബഷീർ എന്നറിയപ്പെടുന്ന ചേനപ്പറമ്പിൽ ബഷീറിനെ ഇന്ത്യക്ക് കൈമാറിയതായി സൂചന. കഴിഞ്ഞ ജൂൺ മാസത്തിലാണ് ഇയാൾ കാനഡയിൽ പിടിയിലായത്. ഇയാൾക്കെതിരെ ഇന്റർപോൾ നേരത്തേ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
12 പേരുടെ മരണത്തിന് കാരണമായ മുളുന്ദ് സ്ഫോടന കേസിൽ പ്രതിയായ ചേനപ്പറമ്പിൽ ബഷീർ പാകിസ്താനിൽ പരിശീലനം നേടിയ ഇന്ത്യയിലെ 50 കൊടും ക്രിമിനലുകളുടെ പട്ടികയിൽ പെടുന്ന വ്യക്തിയാണ്. ഇന്റർപോൾ ലിസ്റ്റഡ് ക്രിമിനലുകളുടെ പട്ടികയിൽ ഇയാളുടെ ഫോട്ടോ സഹിതം പ്രസിദ്ധപ്പെടുത്തിയത് അടുത്തയിടെ ഒഴിവാക്കിയിരുന്നു. ഇതാണ് ഇയാൾ കൊല്ലപ്പെട്ടു എന്ന അഭ്യൂഹങ്ങൾക്ക് കാരണം. സാധാരണ ഗതിയിൽ ഇത്തരത്തിൽ പട്ടികപ്പെടുത്തുന്ന ക്രിമിനലുകൾ കൊല്ലപ്പെടുമ്പോഴാണ് വിവരങ്ങൾ ഒഴിവാക്കുന്നത്.
കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് ബഷീറിന്റെ നേതൃത്വത്തിലാണ് എന്നാണ് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരിക്കുന്നത്. തീവ്രവാദം, കൊലപാതകം, ഗൂഢാലോചന തുടങ്ങി നിരവധി കേസുകൾ ഇയാൾക്കെതിരെ മുംബൈ പോലീസ് രജിസ്റ്റർ ചെയ്തിരുന്നു, ഈ സാഹചര്യത്തിലാണ് കാനഡയിൽ പിടിയിലായ ഇയാളെ ഇന്ത്യയിൽ എത്തിക്കാൻ മുംബൈ പോലീസ് ജൂണിൽ അപേക്ഷ നൽകിയത്.
2002 ഡിസംബർ ആറിനായിരുന്നു മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷന് മുന്നിൽ സ്ഫോടനം നടന്നത്. ഇതിന് പിന്നാലെ 2003, ജനുവരി 27ന് മുംബൈയിലെ വൈൽ പാർലെയിലും സ്ഫോടനം നടന്നിരുന്നു. പിന്നാലെ 2003 മാർച്ച് 13നാണ് മുളുന്ദ് റെയിൽവേ സ്റ്റേഷനിൽ സ്‌ഫോടനം നടന്നത്. ലോക്കൽ ട്രെയിനിൽ ലേഡീസ് കമ്പാർട്ട്‌മെന്റിലുണ്ടായ സ്‌ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സ്‌ഫോടനത്തിന് പിന്നിൽ സിമി ആണെന്ന് കണ്ടെത്തുകയായിരുന്നു. സ്‌ഫോടനങ്ങൾക്കായി ആയുധ സഹായം ചെയ്തത് ലഷ്‌കർ ഭീകരരാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 2016 ഏപ്രിലിൽ കേസിൽ പ്രതികളായ 13 പേരിൽ 10 പേരെയും മുംബൈ പ്രത്യേക കോടതി ശിക്ഷിച്ചിരുന്നു.
ബഷീർ കാനഡയിൽ പിടിയിലായപ്പോൾ ഡിഎൻഎ പരിശോധനയ്ക്കായി ഇയാളുടെ സഹോദരിയുടെ രക്തസാമ്പിളുകൾ ക്രൈം ബ്രാഞ്ച് ശേഖരിച്ചിരുന്നു. ചേനപ്പറമ്പിൽ ബഷീർ ആലുവയിലാണ് ജനിച്ചു വളർന്നത്. എയറോനോട്ടിക്കൽ എൻജീനിയറായിരുന്ന ബഷീർ പിന്നീട് നിരോധിത സംഘടനയായ സിമിയിൽ ചേരുകയായിരുന്നു. സിമിയുടെ ദേശീയ അദ്ധ്യക്ഷനായി ഇയാൾ പ്രവർത്തിച്ചിരുന്നു. 1990കളുടെ തുടക്കത്തിലാണ് ബഷീർ പാകിസ്താനിലേക്ക് പോയതെന്നാണ് റിപ്പോർട്ടുകൾ.
ബഷീറിന്റെ സ്വാധീനത്തിലാണ് തങ്ങൾ മതമൗലികവാദ പ്രവർത്തനങ്ങളിലേക്ക് എത്തപ്പെട്ടതെന്ന് മുൻപ് പിടിയിലായ സിമി അംഗങ്ങൾ വെളിപ്പെടുത്തിയിരുന്നു. ഗൾഫിൽ ജോലി ചെയ്യുന്ന കേരളത്തിൽ നിന്നുള്ള മുൻ സിമി കേഡർമാരുമായി ഷാർജയിലിരുന്ന് ഇയാൾ നിരന്തരം സമ്പർക്കം പുലർത്തിയിരുന്നു. സാമ്പത്തികമായി നല്ല നിലയിലായിരുന്നു ബഷീർ, ദുബായ്, ഷാർജ എന്നിവിടങ്ങളിൽ നിന്ന് സിംഗപ്പൂരിലേക്കും തുടർന്ന് കാനഡയിലേക്കും താമസം മാറി. ബഷീർ സൗദി അറേബ്യയിൽ തീവ്രവാദ ക്യാമ്പുകൾ നടത്തുകയും നിരവധി മുസ്ലീം യുവാക്കളെ മസ്തിഷ്കപ്രക്ഷാളനത്തിന് വിധേയരാക്കി ജിഹാദി പ്രവർത്തനങ്ങളിലേക്ക് വഴി തിരിച്ചുവിടുകയും ചെയ്തുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
Discussion about this post