ന്യൂഡൽഹി : ഒരു സ്റ്റേ ലഭിച്ചത് കൊണ്ട് മാത്രം രാഹുൽ ഗാന്ധി കുറ്റക്കാരനല്ലാതാവുന്നില്ല എന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി. അദ്ദേഹം ഒരു തെറ്റും ചെയ്തിട്ടില്ലെന്നല്ല അതിനർത്ഥം എന്നും അനിൽ ആന്റണി തുറന്നടിച്ചു.
” സ്റ്റേയുടെ അർത്ഥം രാഹുൽ ഗാന്ധി തെറ്റുചെയ്തിട്ടില്ല എന്നല്ല. അനുകൂലമായ വിധി വരുമ്പോൾ പ്രതിപക്ഷം കോടതികളെ പുകഴ്ത്തുകയാണ്. അല്ലാത്ത സമയത്ത് അവർ കോടതികളെ ആക്ഷേപിക്കുന്നു,” അനിൽ ആന്റണി പറഞ്ഞു.
ബിജെപി ഇന്ത്യൻ ഭരണഘടനയ്ക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന ഒരു ജനാധിപത്യ പ്രസ്ഥാനമാണ്. എല്ലാ നീതിന്യായ വ്യവസ്ഥകളെയും ബഹുമാനിക്കുന്നു. അതിൽ പ്രതികൂലമോ അനുകൂലമോ ആയ സാഹചര്യങ്ങൾക്ക് പ്രസക്തിയില്ല എന്നും അനിൽ ആന്റണി വ്യക്തമാക്കി.
പിന്നോക്ക സമുദായക്കാരെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിലെ ശിക്ഷ സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നു. എന്നാൽ വിവാദ വിഷയത്തിൽ രാഹുൽ ഗാന്ധി ഉപയോഗിച്ച ഭാഷ അനുചിതവും അപക്വവുമെന്ന കാര്യത്തിൽ തർക്കമില്ലെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു. പൊതുപ്രവർത്തകർ ഇത്തരം പ്രസ്താവനകൾ നടത്തുമ്പോൾ വാക്കുകളിൽ മിതത്വം പാലിക്കണമെന്ന് രാഹുലിനെ ആവർത്തിച്ച് ഓർമ്മിപ്പിക്കുകയാണെന്നും കോടതി വ്യക്തമാക്കി. കേസിന്റെ മെറിറ്റിലേക്കോ രാഷ്ട്രീയത്തിലേക്കോ ഇപ്പോൾ കടക്കുന്നില്ലെന്നും വിധി പ്രസ്താവത്തിൽ സുപ്രീം കോടതി കൂട്ടിച്ചേർത്തു.
Discussion about this post