തിരുവനന്തപുരം : സപ്ലൈകോയുടെ സാമ്പത്തിക പ്രശ്നങ്ങൾ ഈ മാസം തൊട്ട് ഉണ്ടായതല്ല എന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ. കഴിഞ്ഞ നിരവധി വർഷങ്ങളായി സബ്സിഡി ഉൽപ്പന്നങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട് സപ്ലൈകോയ്ക്ക് വലിയ ബാധ്യതയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എന്നിരുന്നാലും ഓണത്തിന് വിപുലമായ രീതിയിലുള്ള വിൽപ്പന ലക്ഷ്യമിട്ട് ഈ മാസം 18 മുതൽ 28 വരെ തിരുവനന്തപുരം പുത്തരിക്കണ്ടത്ത് ഓണം ഫെയർ നടത്തുമെന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ.
ഏകദേശം നൂറുകോടിയോളം രൂപയുടെ സബ്സിഡി ബാധ്യത സപ്ലൈകോയ്ക്ക് ഉണ്ടെന്ന് ജി ആർ അനിൽ വ്യക്തമാക്കി.
എങ്കിലും എല്ലാ വർഷങ്ങളേക്കാളും മെച്ചപ്പെട്ട നിലയിൽ ഓണം വിൽപ്പന നടത്താനുള്ള ഒരുക്കങ്ങളിലാണ് സപ്ലൈകോ എന്നും ജി ആർ അനിൽ പറഞ്ഞു. കേരളത്തിൽ ഉള്ളതുപോലെ പൊതുവിതരണ സംവിധാനം ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഇല്ലെന്നും ഭക്ഷ്യ മന്ത്രി അഭിപ്രായപ്പെട്ടു.
ഒരു മണി അരിയോ ഒരു മണി ഗോതമ്പോ പോലും കേന്ദ്രസർക്കാർ അധികമായി കേരളത്തിന് നൽകിയിട്ടില്ലെന്നും പത്രസമ്മേളനത്തിൽ ജി ആർ അനിൽ പറഞ്ഞു. കേന്ദ്രം അനുവദിച്ചതിനേക്കാൾ കൂടുതൽ അരി കേരളത്തിൽ വിതരണം ചെയ്താൽ അതിനു മാർക്കറ്റ് വില കൊടുക്കേണ്ട സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത് എന്നും ജി ആർ അനിൽ കുറ്റപ്പെടുത്തി.
Discussion about this post