ജിദ്ദ : ഉക്രൈൻ സമാധാന ചർച്ച സൗദി അറേബ്യയിലെ ജിദ്ദയിൽ നടക്കും. ചർച്ചയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ജിദ്ദയിൽ എത്തിച്ചേർന്നിട്ടുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ ആയിരിക്കും ചർച്ച നടക്കുക. ഇന്ത്യയെ കൂടാതെ ചൈന, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക , യുണൈറ്റഡ് കിംഗ്ഡം എന്നീ രാജ്യങ്ങളിൽ നിന്നുള്ള ദേശീയ സുരക്ഷാ മേധാവികളും സമാധാന ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.
ഉക്രൈൻ സമാധാന ചർച്ചയിൽ പങ്കെടുക്കാനായി വെള്ളിയാഴ്ചയാണ് അജിത് ഡോവൽ സൗദി അറേബ്യയിൽ എത്തിയത്. റഷ്യ-ഉകൈൻ യുദ്ധത്തിൽ ഇന്ത്യ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാൽ സമാധാന ചർച്ചയ്ക്ക് ഇന്ത്യ തയ്യാറാകണമെന്ന് ഉക്രൈൻ പ്രസിഡന്റ് ആവശ്യപ്പെട്ടിരുന്നു . ചർച്ചയിൽ ഇന്ത്യയുടെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുമെന്നും ഇന്ത്യ എല്ലായ്പ്പോഴും സമാധാനത്തിനായാണ് നിലകൊണ്ടിട്ടുള്ളത് എന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.
കഴിഞ്ഞ മെയ് മാസം ജിദ്ദയിൽ നടന്ന അറബ് ലീഗ് ഉച്ചകോടിയിൽ ഉക്രൈൻ പ്രസിഡന്റ് വ്ളോഡിമർ സെലെൻസ്‌കി പങ്കെടുത്തിരുന്നു. അന്ന് സൗദി ഭരണകൂടവുമായി നടന്ന ചർച്ചയിലാണ് യുക്രൈൻ സമാധാന ചർച്ച സൗദി അറേബ്യയിൽ വച്ച് നടത്താൻ തീരുമാനമായത്. 2018 ൽ ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ വെച്ച് വാഷിംഗ്ടൺ പോസ്റ്റ് കോളമിസ്റ്റ് ജമാൽ ഖഷോഗിയെ കൊലപ്പെടുത്തിയത് സൗദിയും പടിഞ്ഞാറൻ രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിച്ചിരുന്നു. ഉക്രൈൻ സമാധാന ചർച്ച സൗദി അറേബ്യയിൽ വച്ച് നടത്തുന്നതിലൂടെ പടിഞ്ഞാറൻ രാജ്യങ്ങൾക്ക് മുമ്പിൽ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് സൗദി അറേബ്യൻ ഭരണകൂടം.
Discussion about this post