സതാംപ്ടൺ: വനിതാ ഹണ്ട്രഡ് മത്സരങ്ങളിൽ ആദ്യമായി 500 റൺസ് പൂർത്തിയാക്കുന്ന താരം എന്ന ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യൻ താരം സ്മൃതി മന്ഥാന. സതാംപ്ടണിലെ റോസ് ബൗൾ സ്റ്റേഡിയത്തിൽ വെൽഷ് ഫയറിനെതിരെ വെള്ളിയാഴ്ച നടന്ന മത്സരത്തിലാണ് സതേൺ ബ്രേവ് താരമായ മന്ഥാന ഈ നേട്ടം സ്വന്തമാക്കിയത്.
മൂന്ന് സീസണുകളിലെ 17 മത്സരങ്ങളിൽ നിന്നായി ബ്രേവിന് വേണ്ടി 503 റൺസാണ് സ്മൃതി അടിച്ചുകൂട്ടിയിരിക്കുന്നത്. നിലവിലെ സീസണിൽ തുടർച്ചയായി രണ്ട് അർദ്ധശതകങ്ങൾ നേടിയ താരം 78 പന്തുകളിൽ നിന്നും 125 റൺസുമായി റൺ വേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതാണ്. 2022 സീസണിൽ 139 പന്തുകളിൽ 211 റൺസും 2021 സീസണിൽ 125 പന്തുകളിൽ 167 റൺസുമായിരുന്നു താരത്തിന്റെ സമ്പാദ്യം.
500 റൺസ് പൂർത്തിയാക്കുന്ന ഒരേയൊരു താരം എന്നത് കൂടാതെ, ടൂർണമെന്റിന്റെ ചരിത്രത്തിൽ ആദ്യമായി അഞ്ച് അർദ്ധശതകങ്ങൾ നേടിയ താരം എന്ന നേട്ടവും സ്മൃതിയുടെ പേരിലാണ്. ഇന്ത്യൻ ടീമിലെ സഹതാരം ജെമീമ റോഡ്രിഗസിന്റെ നാല് അർദ്ധ സെഞ്ച്വറികളുടെ നേട്ടമാണ് സ്മൃതി മറികടന്നത്. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ സ്മൃതിക്കൊപ്പം 37 പന്തിൽ 67 റൺസ് നേടിയതോടെ ബ്രേവ് താരം ഡാനി വ്യാറ്റും നാല് അർദ്ധ സെഞ്ച്വറികൾ പൂർത്തിയാക്കി.
ഓപ്പണർമാരായ സ്മൃതിയും ഡാനിയും അർദ്ധ സെഞ്ച്വറികൾ നേടിയെങ്കിലും വെള്ളിയാഴ്ച നടന്ന മത്സരത്തിൽ സതേൺ ബ്രേവ് പരാജയപ്പെട്ടു. വെസ്റ്റ് ഇൻഡീസ് ഓൾ റൗണ്ടർ ഹെയ്ലി മാത്യൂസ് 38 പന്തിൽ നേടിയ 65 റൺസിന്റെ പിൻബലത്തിൽ 100 പന്തിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് നേടിയ ഫയറിനെതിരെ മൂന്ന് റൺസിനാണ് ബ്രേവ് തോൽവി വഴങ്ങിയത്. മത്സരത്തിൽ 70 റൺസാണ് സ്മൃതി മന്ഥാന സ്കോർ ചെയ്തത്.
Discussion about this post