ജിദ്ദ: യുക്രെയ്ൻ സംഘർഷങ്ങൾക്ക് സമാധാനപരമായ പരിസമാപ്തി ഉണ്ടാക്കുന്നതിനായുള്ള ഗുണകരമായ ചർച്ചകൾക്ക് വേണ്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സൗദി അറേബ്യയിലെത്തി. സൗദിയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അദ്ധ്യക്ഷനായ യോഗത്തിൽ 40 രാജ്യങ്ങളുടെ പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
സംഘർഷം ആരംഭിച്ച കാലം മുതൽ ഇന്ത്യ തുടർച്ചയായി യുക്രെയ്നുമായും റഷ്യയുമായും ചർച്ചകൾ നടത്തി വരികയാണെന്ന് അജിത് ഡോവൽ പറഞ്ഞു. പ്രശ്നം പരിഹരിക്കുന്നതിനായി സജീവവും ക്രിയാത്മകവുമായ ഇടപെടൽ ഇന്ത്യയുടെ ഭാഗത്ത് നിന്നും ഇനിയും തുടരുമെന്നും ഡോവൽ പറഞ്ഞു.
യുദ്ധം എന്നെന്നേക്കുമായി അവസാനിക്കുക എന്നതായിരിക്കും ഇന്ത്യക്ക് ഏറ്റവുമധികം സ്വീകാര്യമായ പരിഹാര മാർഗം. ചർച്ചകളും നയതന്ത്ര പരിഹാരവുമാണ് ഇന്ത്യ മുന്നോട്ട് വെക്കുന്ന പരിഹാര നിർദേശങ്ങളെന്നും ഡോവൽ പറഞ്ഞു. റഷ്യക്കും യുക്രെയ്നും ഒരേ പോലെ സ്വീകാര്യമായ പരിഹാര മാർഗങ്ങളായിരിക്കണം ചർച്ചയിൽ നിന്നും ഉരുത്തിരിയേണ്ടതെന്നും ഡോവൽ വ്യക്തമാക്കി.
പ്രധാനമായും രണ്ട് തരത്തിലുള്ള പ്രതിസന്ധിയാണ് ലോകം യുക്രെയ്ൻ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ഇന്ന് അഭിമുഖീകരിക്കുന്നത്. നിലവിലെ സാഹചര്യം ലഘൂകരിക്കുക എന്നതും യുദ്ധത്തിന്റെ പരിണിത ഫലങ്ങളെ നേരിടുക എന്നതുമാണ് അവയെന്ന് അദ്ദേഹം പറഞ്ഞു. ഈ രണ്ട് സാഹചര്യങ്ങളെയും നമ്മൾ ഒരേ പോലെ അഭിസംബോധന ചെയ്യണം. അതിന് വ്യക്തമായ ഗൃഹപാഠം ആവശ്യമാണെന്നും അജിത് ഡോവൽ ജിദ്ദയിൽ പറഞ്ഞു.
Discussion about this post