ന്യൂഡൽഹി: ഭൂമിയെ എന്നത് പോലെ ബഹിരാകാശത്തെയും മനുഷ്യൻ അനുദിനം മലിനമാക്കിക്കൊണ്ടിരിക്കുകയാണ്. ഐ എസ് ആർ ഒയുടെ ഏറ്റവും പുതിയ കണക്ക് പ്രകാരം ബഹിരാകാശത്ത് ഏകദേശം ഇരുപത്തി ഏഴായിരത്തോളം അന്യവസ്തുക്കൾ ഉണ്ട്. ഇവയിൽ നല്ലൊരു പങ്കും ഉപഗ്രഹാവശിഷ്ടങ്ങളോ പേടകങ്ങളുടെ ഭാഗങ്ങളോ ആണ്. പത്ത് സെന്റി മീറ്ററിൽ താഴെ വലിപ്പമുള്ള ദശലക്ഷക്കണക്കിന് തിരിച്ചറിയപ്പെടാത്ത വസ്തുക്കൾ വേറെയുമുണ്ട്. ഇവ ഭാവിയിൽ വലിയ ഭീഷണിയായേക്കാം എന്നാണ് ഐ എസ് ആർ ഒ നൽകുന്ന മുന്നറിയിപ്പ്.
ചൈന, അമേരിക്ക, ഇന്ത്യ, റഷ്യ തുടങ്ങിയ രാജ്യങ്ങൾ ഉപഗ്രഹവേധ പരീക്ഷണങ്ങളുടെ ഭാഗമായി ഉപേക്ഷിച്ച വസ്തുക്കളും ബഹിരാകാശത്ത് തുടരുകയാണ്. ഇവയെല്ലാം ചേർന്ന് സൃഷ്ടിക്കുന്ന ബഹിരാകാശത്തെ തിക്കും തിരക്കും കാരണം ജൂലൈ 30ന് നടന്ന പി എസ് എൽ വി വിക്ഷേപണം ഒരു മിനിറ്റ് വൈകി എന്നാണ് വിവരം. 6.30ന് നടക്കേണ്ട വിക്ഷേപണം നടന്നത് 6.31നാണ്.
ഈ പ്രതിസന്ധി മറികടക്കാൻ നിയന്ത്രിതമായ തോതിൽ ഭ്രമണപഥം താഴ്ത്തുകയാണ് ഐ എസ് ആർ ഒ ചെയ്തത്. 500 കിലോമീറ്ററിന് മുകളിലുള്ള സ്വാഭാവിക ഭ്രമണപഥം ഉപഗ്രഹങ്ങളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഭൂമിക്ക് 536 കിലോമീറ്റർ ഉയരെ വരെ നിശ്ചയിച്ചിരുന്ന ഭ്രമണപഥം ഐ എസ് ആർ ഒ 300 കിലോമീറ്ററിലേക്ക് താഴ്ത്തുകയായിരുന്നു. ബഹിരാകാശം മാലിന്യമുക്തമാക്കുക എന്ന അർത്ഥത്തിലുള്ള സ്വച്ഛ് അന്തരീക്ഷ് എന്ന ആശയത്തിന്റെ ഭാഗമായിരുന്നു ഇത് എന്നാണ് ഐ എസ് ആർ ഒ അറിയിക്കുന്നത്.
ഉപയോഗശൂന്യമായ മേഘട്രോപ്പിക്കസ് ഉപഗ്രഹത്തെ ബഹിരാകാശത്ത് നിന്നും പിൻവലിച്ചും ഇന്ത്യ മാതൃക കാട്ടിയിരുന്നു. ബഹിരാകാശത്തെ മനുഷ്യനിർമ്മിത മാലിന്യങ്ങളിൽ 40 ശതമാനവും അമേരിക്ക വിക്ഷേപിച്ചവയാണ്. 28 ശതമാനം റഷ്യയുടേയും 19 ശതമാനം ചൈനയുടേതുമാണ്. ഇവയിൽ 0.8 ശതമാനം മാത്രമാണ് ഇന്ത്യയുടെ സംഭാവന.
ബഹിരാകാശം ഖരമാലിന്യ മുക്തമാക്കാനുള്ള ഇന്ത്യയുടെ പരിശ്രമങ്ങൾ ലോകത്തിന് മാതൃകയാണെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് അഭിപ്രായപ്പെടുന്നു. ബഹിരാകാശത്തെ മനുഷ്യനിർമ്മിത വസ്തുക്കൾ ഭൂമിയിൽ പതിച്ചാൽ ഉണ്ടായേക്കാവുന്ന അപകടങ്ങളും ദൂരവ്യാപകമായിരിക്കും. ഇത്തരം സാഹചര്യങ്ങൾ മുൻകൂട്ടിക്കണ്ട് നടപടികൾ കൈക്കൊള്ളാൻ ശക്തമായ നിരീക്ഷണമാണ് ഐ എസ് ആർ ഒ തുടരുന്നതെന്നും അദ്ദേഹം പറയുന്നു.
നിലവിൽ ഭ്രമണപഥത്തിൽ എത്തിച്ച സജീവമായ 52 ഉപഗ്രഹങ്ങളാണ് ഇന്ത്യക്ക് ഉള്ളത്. ആറ് നിർജീവ ഉപഗ്രഹങ്ങളും 105 ഉപഗ്രഹ ശകലങ്ങളും ഇന്ത്യയുടേതായി ബഹിരാകാശത്ത് ഉണ്ട്. ആകെ 130 ഇന്ത്യൻ ഉപഗ്രഹങ്ങൾ ഉള്ളതിൽ 73 എണ്ണം താഴ്ന്ന ഭ്രമണപഥത്തിൽ ഉള്ളവയും 54 എണ്ണം ഭൗമസ്ഥിതവുമാണ്. ഇന്ത്യൻ സമ്പദ്ഘടനക്ക് നിർണായക സംഭാവനകൾ നൽകുന്ന ഈ ഉപഗ്രഹങ്ങളുടെ ആകെ മൂല്യം അൻപതിനായിരം കോടിക്കും മുകളിലാണ്.
ശൂന്യാകാശത്തെ ‘ട്രാഫിക് ജാം‘ ഒഴിവാക്കാൻ ഗൂഗിൾ മാപ്പിന് സമാനമായ സംവിധാനം ഒരുക്കാൻ ഒരുങ്ങുകയാണ് ബംഗലൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ സ്റ്റാർട്ട് അപ്പ് ആയ ദിഗന്തര ഏറോസ്പേസ്. സൗരയൂധത്തിന്റെ ദിഗന്തര മാപ്പ് തയ്യാറാക്കുക എന്നതാണ് ഇവരുടെ ആശയം.
ബഹിരാകാശ പേടകങ്ങൾ കൂട്ടിയിടിച്ച് ഉണ്ടാകുന്ന മാലിന്യങ്ങളും വലിയ പ്രതിസന്ധി സൃഷ്ടിക്കാൻ സാദ്ധ്യതയുണ്ട്. 2007ൽ ചൈന നടത്തിയ ഉപഗ്രഹവേധ പരീക്ഷണം വലിയ തോതിൽ മാലിന്യം പുറന്തള്ളിയിരുന്നു. 2019ൽ ഇന്ത്യ നടത്തിയ ‘ശക്തി‘ ഉപഗ്രഹവേധ പരീക്ഷണവും വിജയമായിരുന്നു. അന്ന് നിർജീവ ഉപഗ്രഹമായ മൈക്രോസാറ്റ്-ആറിനെയാണ് ഇന്ത്യൻ മിസൈൽ തകർത്തത്. ആ സ്ഫോടനത്തിലൂടെ സൃഷ്ടിക്കപ്പെട്ട ദ്രവ്യം പൂർണമായും ഇല്ലാതെയായത് 2022 ജൂണിൽ മാത്രമായിരുന്നു.
ഇതിനൊക്കെ പുറമേയാണ് ഇലോൺ മസ്കിന്റെ നേതൃത്വത്തിലുള്ള സ്പേസ് എക്സിന്റെ സ്റ്റാർലിങ്ക് ദൗത്യം 12,000 ചെറു ഉപഗ്രഹങ്ങൾ അടങ്ങുന്ന ഒരു ഉപഗ്രഹ സമൂഹത്തെ ബഹിരാകാശത്ത് വിന്യസിക്കാൻ പോകുന്നത്. രണ്ടാം ഘട്ടത്തിൽ 30,000 ഉപഗ്രഹങ്ങളാണ് വിന്യസിക്കാൻ മസ്ക് ലക്ഷ്യം വെക്കുന്നത്.
വാർത്താ വിതരണം, കാലാവസ്ഥാ പഠനങ്ങൾ, വിഭവ വിശകലനം, ഗതിനിയന്ത്രണം തുടങ്ങിയ മേഖലകളിലാണ് ഇന്ത്യ പ്രധാനമായും ഉപഗ്രഹങ്ങളുടെ സേവനം പ്രയോജനപ്പെടുത്തുന്നത്. ബഹിരാകാശത്ത് ഉപഗ്രഹങ്ങളുടെ എണ്ണം വർദ്ധിക്കുന്നതും കൂട്ടിയിടികൾ ഉണ്ടാകുന്നതും മലിനീകരണം വർദ്ധിക്കുന്നതും ഭൂമിക്കും വലിയ ഭീഷണിയായേക്കും. ഈ സാഹചര്യത്തിലാണ് ഐ എസ് ആർ ഒയുടെ സ്വച്ഛ് അന്തരീക്ഷ് അഭിയാന്റെ പ്രസക്തി.
Discussion about this post