തിരഞ്ഞെടുപ്പ് കാലത്ത് നൽകപ്പെടുന്ന വാഗ്ദാനങ്ങൾ പലപ്പോഴും വാഗ്ദാനങ്ങൾ മാത്രമായി അവശേഷിക്കുകയാണ് പതിവ്. ജയിക്കുന്നതിനു മുൻപ് നൽകിയ വാഗ്ദാനങ്ങൾ ഒക്കെ ജയിച്ചു കഴിഞ്ഞാൽ മറക്കുക എന്നതാണ് നമ്മുടെ ജനപ്രതിനിധികളുടെ ഒരു ശീലം. എന്നാൽ ഇവിടെ ഒരു സ്കൂൾ തിരഞ്ഞെടുപ്പിൽ ജയിച്ച് സ്കൂൾ ലീഡർ ആയപ്പോൾ തന്റെ സഹപാഠികൾക്ക് നൽകിയ വാഗ്ദാനം പാലിച്ച് മാതൃക ആയിരിക്കുകയാണ് ഒരു ഏഴാം ക്ലാസുകാരൻ.
കേരളശ്ശേരി എയുപി സ്കൂളിലെ സ്കൂൾ ലീഡർ ആയി തിരഞ്ഞെടുക്കപ്പെട്ട പ്രവീൺ ഉണ്ണികൃഷ്ണനാണ് തിരഞ്ഞെടുപ്പ് കാലത്തെ തന്റെ വാഗ്ദാനം നടപ്പിലാക്കി മാതൃകയായത്. ലീഡർ തിരഞ്ഞെടുപ്പിൽ വിജയിച്ചു കഴിഞ്ഞാൽ 5, 6, 7 ക്ലാസിലെ കുട്ടികൾക്ക് ഓരോ ഫുട്ബോൾ വീതം വാങ്ങി നൽകാം എന്നായിരുന്നു തിരഞ്ഞെടുപ്പിന് പ്രവീൺ നൽകിയ വാഗ്ദാനം. ജയിച്ചപ്പോൾ അവൻ ആ വാക്ക് പാലിക്കുകയും ചെയ്തു. അതും രക്ഷിതാക്കളെ ബുദ്ധിമുട്ടിക്കാതെ സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പൈസ കൊണ്ട്. വാർഡ് മെമ്പർ രാജീവ് കേരളശ്ശേരി ആണ് പ്രവീണിന്റെ ഈ വാഗ്ദാനം നിറവേറ്റൽ ഫേസ്ബുക്കിലൂടെ ജനങ്ങളെ അറിയിച്ചത്. ഇപ്പോൾ നിരവധി പേരാണ് ഈ കൊച്ചു മിടുക്കന് അഭിനന്ദനങ്ങളും ആശംസകളുമായി എത്തുന്നത്.
രാജീവ് കേരളശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം :
കേരളശ്ശേരി എയുപി സ്കൂളിലെ സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് കഴിഞ്ഞ ആഴ്ചയാണ് നടത്തിയത്.ആറ് സ്ഥാനാർത്ഥികൾ ഉണ്ടായിരുന്നു.
വാശിയേറിയ പ്രചരണത്തിനൊടുവിൽ ജനാധിപത്യ രീതിയിൽ വോട്ടെടുപ്പ്, സ്ഥാനാർത്ഥികളുടേയും ഏജന്റുമാരുടേയും അധ്യാപകരുടേയും സാന്നിധ്യത്തിൽ വോട്ടെണ്ണൽ.
ഏഴ് എ ക്ലാസിലെ പ്രവീൺ ഉണ്ണികൃഷ്ണൻ സ്കൂൾ ലീഡറായും ഏഴ് ബി ക്ലാസിലെ കാർത്തിക് ഡെപ്യൂട്ടി ലീഡറായും തിരഞ്ഞെടുക്കപ്പെട്ടു
ജയിച്ചാൽ അഞ്ച്,ആറ്,ഏഴ് ക്ലാസുകളിലേക്ക് ഓരോ ഫുട്ബോൾ വീതം വാങ്ങിക്കൊടുക്കാമെന്ന് പ്രവീൺ പറഞ്ഞിരുന്നുവത്രേ…😀
വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണെന്ന് തെളിയിക്കുന്നതാണല്ലോ ജനാധിപത്യത്തിന്റെ സൗന്ദര്യം 😍
മൂന്ന് ക്ലാസുകളിലേക്കും പ്രവീൺ ഫുട്ബോൾ വാങ്ങി നൽകി,
അതിനൊരു പ്രത്യേകത കൂടിയുണ്ട്
രക്ഷിതാക്കളെ ബുദ്ധിമുട്ടിക്കാതെ അവൻ കൂട്ടിവെച്ച പൈസയെടുത്താണ് വാഗ്ദാനപാലനം – അത്യാവശ്യം ചെണ്ടയൊക്കെ കൊട്ടിയുണ്ടാക്കിയതും കൈനീട്ടവും പോക്കറ്റ് മണിയും ഒക്കെയായി കയ്യിലുള്ള സമ്പാദ്യത്തിന്റെ ഭാഗം കൊണ്ട് സഹപാഠികൾക്ക് നൽകിയ വാക്ക് പാലിച്ചു
ഇനിയും വാഗ്ദാനങ്ങൾ ഉണ്ടത്രേ…!!!!
കാത്തിരുന്ന് കാണാം
എന്തായാലും തിരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞത് വിജയിച്ച് കഴിഞ്ഞാൽ മറക്കാതിരിക്കുക എന്നതും അതിനായി ശ്രമിക്കുക എന്നതും സാമൂഹിക പ്രതിബദ്ധതയുടെ അളവുകോലാണ്.
ഞങ്ങളുടെ സ്കൂൾ ലീഡർ അതിനൊരു മാതൃക കാണിച്ചിരിക്കുന്നു ❤️
Discussion about this post