ന്യൂഡൽഹി : സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാർ വർഷം തോറും തങ്ങളുടെ സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തുന്നത് നിർബന്ധമാക്കിയേക്കും. ഇതിനായി കേന്ദ്രസർക്കാർ പുതിയ നിയമം കൊണ്ടുവരണമെന്ന് പാർലമെന്ററി കമ്മിറ്റി ശുപാർശ ചെയ്തു. കൂടാതെ ഉന്നത ജുഡീഷ്യറി നിയമനങ്ങളിൽ സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും കൊളീജിയങ്ങൾ സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകളെയും ശുപാർശ ചെയ്യണമെന്നും പാർലമെന്ററി കമ്മിറ്റി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ജഡ്ജിമാർ സ്ഥിരമായി സ്വത്തുക്കൾ ഫയൽ ചെയ്യുന്നതിനുള്ള സംവിധാനം സ്ഥാപനവൽക്കരിക്കേണ്ട ആവശ്യമുണ്ടെന്ന് നിയമ, പേഴ്സണൽ സ്റ്റാൻഡിങ് കമ്മിറ്റി അഭിപ്രായപ്പെട്ടു. ജുഡീഷ്യറിയിലെ ഉയർന്ന ജഡ്ജിമാരുടെ സ്വത്തു വെളിപ്പെടുത്തലുകൾ ജനങ്ങൾക്കിടയിൽ കൂടുതൽ വിശ്വാസ്യത കൊണ്ടുവരുമെന്ന് സമിതി വ്യക്തമാക്കി.
ജഡ്ജിമാർ സ്വമേധയാ സ്വത്ത് പ്രഖ്യാപിക്കുന്നത് സംബന്ധിച്ച സുപ്രീം കോടതിയുടെ ഒരു പ്രമേയം നേരത്തെ തന്നെ ഉള്ളതാണ്. എന്നാൽ ഈ പ്രമേയം കൃത്യമായി പാലിക്കപ്പെടുന്നില്ലെന്ന് സമിതി അഭിപ്രായപ്പെട്ടു. ഉന്നത ജുഡീഷ്യറിയിലെ ജഡ്ജിമാരുടെ വിരമിക്കൽ പ്രായം വർധിപ്പിക്കണമെന്നും പാർലമെന്ററി കമ്മിറ്റി ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
Discussion about this post