ബംഗളൂരു: കറുത്ത നിറത്തിന്റെ പേരിൽ ഭർത്താവിനെ നിരന്തരം അപമാനിക്കുന്നത് ക്രൂരത തന്നെയാണെന്ന് കർണാടക ഹൈക്കോടതി. വിവാഹ മോചനക്കേസുമായി ബന്ധപ്പെട്ട വിധിയിലാണ് കോടതിയുടെ ഈ നിരീക്ഷണം. 2007 നവംബർ 15 നാണ് ദമ്പതികൾ വിവാഹിതരായത്. 2012 ൽ ഇവർ വിവാഹമോചനം ആവശ്യപ്പെടുകയായിരുന്നു.അന്ന് മൂന്നരവയസ് മാത്രമായിരുന്നു കുഞ്ഞിന്റെ പ്രായം. തന്റെ നിറം കറുത്തതാണെന്ന് പറഞ്ഞ് ഭാര്യ തന്നെ അപമാനിക്കുമായിരുന്നുവെന്ന് ഭർത്താവ് നൽകിയ ഹർജിയിൽ പറയുന്നു. കുഞ്ഞിനെ കരുതി ഈ അപമാനം സഹിക്കുകയായിരുന്നുവെന്നും ഭർത്താവ് പറഞ്ഞു.2011 ഒക്ടോബറിൽ യുവതി പോലീസ് സ്‌റ്റേഷനിൽ തനിക്കും അമ്മയ്ക്കും എതിരെ കേസ് കൊടുത്തു. ഈ കാരണം കൊണ്ട് നിരവധി തവണയാണ് പോലീസ് സ്‌റ്റേഷനിൽ കയറി ഇറങ്ങിയത്. തുടർന്ന് ജാമ്യം നേടുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബന്ധം വേർപ്പെടുത്താ തീരുമാനിച്ചത്.
തന്നെയും തന്റെ കുടുംബാംഗങ്ങളെയും മാനസികമായി പീഡിപ്പിക്കുന്ന നിലപാടാണ് ഭാര്യയുടേതെന്നാണ് യുവാവിന്റെ ആരോപണം.എന്നാൽ ഭർത്താവിന്റെ കുടുംബം തനിക്ക് വേണ്ട പരിഗണന നൽകുന്നില്ലെന്നാണ് ഭാര്യയുടെ ആരോപണം. ഒരു സ്വകാര്യ കമ്പനിയിലാണ് താൻ ജോലി ചെയ്യുന്നതെന്നും അവിടുന്ന് കിട്ടുന്ന വരുമാനം മുഴുവൻ ഭർത്താവിന്റെ വീട്ടുകാർക്കാണ് കൊടുത്തിരുന്നതെന്നും ഭാര്യയുടെ പരാതിയിൽ പറയുന്നു. കൂടാതെ ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും വിവാഹത്തിന് ശേഷവും ആ ബന്ധം തുടരുന്നുണ്ടെന്നും ഭാര്യ ആരോപിച്ചു.
2017 ൽ എല്ലാ കുടുംബത്തിലും നടക്കുന്ന സാധാരണ പ്രശ്‌നങ്ങളാണെന്ന് ചൂണ്ടിക്കാട്ടി കുടുംബക്കോടതി ഇവരുടെ ഹർജി തള്ളി. എന്നാൽ ഇതിനെതിരെ ഭർത്താവ് മേൽ കോടതിയെ സമീപിക്കുകയായിരുന്നു. തെളിവുകൾ വിലയിരുത്തുന്നതിൽ കുടുംബ കോടതിയ്ക്ക് തെറ്റ് പറ്റിയെന്ന് കണ്ടെത്തി. മേൽക്കോടതി ജസ്റ്റിസുമാരായ അലോക് ആരാദെ, അനന്ത് രാമനാഥ് ഹെഗ്ഡേ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്.
പരിശോധനയിൽ ഭർത്താവിനെ നിറത്തിന്റെ പേരിൽ ഭാര്യ നിരന്തരം അപമാനിച്ചിരുന്നുവെന്ന കാര്യം വ്യക്തമായെന്നും അതേ കാരണത്താലാണ് ഭർത്താവിൽ നിന്ന് അവർ അകന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
Discussion about this post