ന്യൂഡൽഹി: ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ അന്തിമ ഷെഡ്യൂൾ പ്രഖ്യാപിച്ചതിന് പിന്നാലെ, ടിക്കറ്റ് വിൽപ്പനയുടെ വിശദാംശങ്ങളും പ്രഖ്യാപിച്ച് ഐസിസി. അന്താരാഷ്ട്ര കായിക രംഗത്തെ വമ്പൻ വേദികളിലൊന്നായ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ടിക്കറ്റ് വിൽപ്പനയുടെ വിശദവിവരങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്, മത്സരങ്ങൾ തുടങ്ങാൻ ഒന്നര മാസത്തിൽ താഴെ ദിവസങ്ങൾ മാത്രം അവശേഷിക്കവെയാണ്.
സമ്പൂർണമായും ഓൺലൈനായിട്ടായിരിക്കും ടിക്കറ്റ് വിൽപ്പന. https://www.cricketworldcup.com/register എന്ന വെബ് സൈറ്റിൽ എത്രയും വേഗം രജിസ്റ്റർ ചെയ്യാനാണ് ഐസിസി ആരാധകരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ടിക്കറ്റ് വിൽപ്പനയുടെ മറ്റ് വിശദാംശങ്ങൾ, നിരക്കുകൾ സഹിതം ഈ സൈറ്റിൽ ഉടൻ അപ്ഡേറ്റ് ചെയ്യും എന്നും ഐസിസി അറിയിക്കുന്നു.
ഇന്ത്യ പങ്കെടുക്കാത്ത മത്സരങ്ങളുടെ ടിക്കറ്റുകളായിരിക്കും ആദ്യം വിൽപ്പനക്കെത്തുക. തുടർന്ന് ഇന്ത്യയുടെ വാം അപ്പ് മത്സരങ്ങളുടെ ടിക്കറ്റുകൾ വിൽപ്പനക്കെത്തും. അതിന് ശേഷം ഇന്ത്യയുടെ ലീഗ് മത്സരങ്ങളുടെ ടിക്കറ്റുകളും അവസാന ഘട്ടത്തിൽ സെമി ഫൈനൽ. ഫൈനൽ മത്സരങ്ങളുടെ ടിക്കറ്റുകളും വിൽപ്പനക്കെത്തും.
ഓഗസ്റ്റ് 25ന് ഇന്ത്യ പങ്കെടുക്കാത്ത വാം അപ്പ് മത്സരങ്ങളുടെയും ലീഗ് മത്സരങ്ങളുടെയും ടിക്കറ്റ് വിൽക്കപ്പെടും. ഓഗസ്റ്റ് 30ന് ഗുവാഹത്തിയിലും തിരുവനന്തപുരത്തും നടക്കുന്ന ഇന്ത്യയുടെ വാം അപ്പ് മത്സരങ്ങളുടെ ടിക്കറ്റുകളും വിൽപ്പനക്കെത്തും.
ചെന്നൈ, ഡൽഹി, പൂനെ എന്നിവിടങ്ങളിലെ ഇന്ത്യയുടെ മത്സരങ്ങളുടെ ടിക്കറ്റുകൾ ഓഗസ്റ്റ് 31നും ധർമ്മശാലയിലെയും ലഖ്നൗവിലെയും മുംബൈയിലെയും ഇന്ത്യയുടെ മത്സരങ്ങളുടെ ടിക്കറ്റുകൾ സെപ്റ്റംബർ 1നും ബംഗലൂരുവിലെയും കൊൽക്കത്തയിലെയും ഇന്ത്യയുടെ മത്സരങ്ങളുടെ ടിക്കറ്റുകൾ സെപ്റ്റംബർ 2നുമായിരിക്കും വിൽക്കപ്പെടുക.
സെപ്റ്റംബർ 3നാണ് അഹമ്മദാബാദിലെ ഇന്ത്യയുടെ മത്സരങ്ങളുടെ ടിക്കറ്റുകൾ വിൽപ്പനക്കെത്തുക. സെപ്റ്റംബർ 15ന് സെമി ഫൈനൽ മത്സരങ്ങളുടെയും ഫൈനലിന്റെയും ടിക്കറ്റുകളും വിൽപ്പനക്കെത്തും.
ഒക്ടോബർ 5 വ്യാഴാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിൽ ഏറ്റുമുട്ടുന്നതോടെയാണ് ഈ തവണത്തെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കമാകുന്നത്. നവംബർ 19ന് ഇതേ വേദിയിലാണ് ഫൈനൽ. നവംബർ 15, 16 തീയതികളിൽ മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലാണ് സെമി ഫൈനൽ മത്സരങ്ങൾ നടക്കുക.
Discussion about this post